യുദ്ധത്തിലൂടെ സൈന്യത്തിനും നേട്ടം: പ്രതിരോധ ബജറ്റില്‍ 50,000 കോടിയുടെ വര്‍ധന; മൊത്തം വിഹിതം ഏഴുലക്ഷം കോടി കടക്കും; ആകാശും ഭാര്‍ഗവാസ്ത്രയും വിജയം; മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് പണമൊഴുകും; ഇസ്രയേലിന്റെ ‘അയണ്‍ ഡോം’ മോഡല്‍ നിര്‍മാണത്തിനും നീക്കം
2014 മുതല്‍ നരേന്ദ്ര മോദി ഭരണകൂടത്തിന്റെ കേന്ദ്രബിന്ദു പ്രതിരോധമാണ്. ബിജെപി സര്‍ക്കാരിന്റെ ആദ്യ വര്‍ഷമായ 2014/15 ല്‍ പ്രതിരോധ മന്ത്രാലയത്തിന് 2.29 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. നിലവിലെ വിഹിതം എല്ലാ മന്ത്രാലയങ്ങളിലും വച്ച് ഏറ്റവും ഉയര്‍ന്നതും മെആകാശാത്തം ബജറ്റിന്റെ 13 ശതമാനവുമാണ് പ്രതിരോധ ബജറ്റ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് കുത്തനെ ഉയരുമെന്നു റിപ്പോര്‍ട്ട്. സൈന്യത്തിനുവേണ്ടി 50,000 കോടി മാറ്റിവയ്ക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സപ്ലിമെന്ററി ബജറ്റിലൂടെ നല്‍കപ്പെടുന്ന ഈ വര്‍ധനയിലൂടെ മൊത്തം പ്രതിരോധ വിഹിതം ഏഴുലക്ഷം കോടി കടക്കും.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2025/26 ബജറ്റില്‍ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. 2024/25 ലെ 6.22 ലക്ഷം കോടിയെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ വര്‍ധനയാണിത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അംഗീകാരം തേടുന്ന വര്‍ധിപ്പിച്ച ബജറ്റ് – ഗവേഷണത്തിനും വികസനത്തിനും ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഉപയോഗിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

2014 മുതല്‍ നരേന്ദ്ര മോദി ഭരണകൂടത്തിന്റെ കേന്ദ്രബിന്ദു പ്രതിരോധമാണ്. ബിജെപി സര്‍ക്കാരിന്റെ ആദ്യ വര്‍ഷമായ 2014/15 ല്‍ പ്രതിരോധ മന്ത്രാലയത്തിന് 2.29 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. നിലവിലെ വിഹിതം എല്ലാ മന്ത്രാലയങ്ങളിലും വച്ച് ഏറ്റവും ഉയര്‍ന്നതും മെആകാശാത്തം ബജറ്റിന്റെ 13 ശതമാനവുമാണ് പ്രതിരോധ ബജറ്റ്.
ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിനും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം, പാകിസ്ഥാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടയിലാണ് ബജറ്റ് ഉയര്‍ത്താനുള്ള തീരുമാനമെന്ന് അറിയുന്നു.
ഇസ്രായേലിന്റെ പ്രശസ്തമായ ‘അയണ്‍ ഡോമിന്’ സമാനമായ നൂതന വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിച്ചത്. ആകാശ് മിസൈലും ഇന്ത്യക്കുവേണ്ടി കോട്ട കാത്തു. നിലവില്‍ ഭാര്‍ഗവാസ്ത്രയും സൈന്യം പരീക്ഷിച്ചിട്ടുണ്ട്. ഹാര്‍ഡ് കില്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നത് ചെലവു കുറഞ്ഞ കൗണ്ടര്‍ ഡ്രോണ്‍ സംവിധാനമാണ്. ഈ സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന മൈക്രോ-റോക്കറ്റുകള്‍ ഈ ആഴ്ച ഒഡീഷയിലെ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചില്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കി.
നിലവില്‍ പാക് പൈലറ്റുകള്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത സൂപ്പസോണിക് എഫ് 16 വിമാനങ്ങളെയും ആക്രമിക്കാന്‍ ആകാശ് മിസൈലിനു കഴിയുമെന്ന് മുന്‍ പ്രതിരോധ ഗവേഷകനായ ഡോ. പ്രഹ്‌ളാദ രാമറാവു പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആകാശ് വികസിപ്പിച്ചത്. ആകാശിന്റെ ടാഗ്ലൈന്‍തന്നെ ‘സാര ആകാശ് ഹമാര’ അല്ലെങ്കില്‍ ‘മുഴുവന്‍ ആകാശവും നമ്മുടേതാണ്’ എന്നാണ്.
100 മണിക്കൂര്‍ നീണ്ടുനിന്ന ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം, പ്രതിരോധ ഉപകരണങ്ങളുടെ കൂടുതല്‍ ആഭ്യന്തര ഉല്‍പ്പാദനത്തിനു മുന്‍തൂക്കം നല്‍കുമെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചിരുന്നു. ‘മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുകയാണെങ്കില്‍, അതിനര്‍ത്ഥം നമ്മള്‍ സുരക്ഷ മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു എന്നാണ്. ഇത് ഒരു ദീര്‍ഘകാല പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.