ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് തിരുവനന്തപുരത്ത്; ഷാഡോ പോലീസിന്റെ കണ്ണില്‍ പെട്ടതോടെ കുടുങ്ങി; സുഹൃത്തുക്കള്‍ ഒളിത്താവളം ഒരുക്കിയോ എന്നു സംശയം; അഭിഭാഷകരുടെ സമ്മര്‍ദ പദ്ധതി പൊളിഞ്ഞത് പോലീസിന്റെ കര്‍ശന നിലപാടില്‍

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് മൂന്ന് ദിവസവും ഒളിവിൽ കഴിഞ്ഞത് തലസ്ഥാന നഗരത്തിൽ തന്നെ. കഴക്കൂട്ടം പള്ളിത്തുറ സ്വദേശിയായ സുഹൃത്തിന്‍റെ വീട്ടിലാണ് കഴിഞ്ഞതെന്നാണ് ബെയിലിന്റെ മൊഴി. ഇന്നലെ ഉച്ചയ്ക്ക് ശേഷം അവിടെനിന്ന് പൂന്തുറയിലെ സ്വന്തം വീട്ടിലെത്തി. തിരികെ മടങ്ങും വഴിയാണ് ഷാഡോ പോലീസ് സംഘത്തിന്‍റെ കണ്ണിൽ പെട്ടത്.
തുടർന്ന് ബൈക്കിൽ പിന്തുടർന്ന ഷാഡോ പോലീസ് തുമ്പ എസ്. എച്ച് ഒയ്ക്ക് വിവരം നൽകുകയും വാഹനം തടഞ്ഞുനിർത്തി പിടികൂടുകയുമായിരുന്നു. പള്ളിത്തുറയിലെ സുഹൃത്തിനെ കൂടാതെ അഭിഭാഷകരടക്കം മറ്റാരെങ്കിലും ഒളിത്താവളം ഒരുക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം തുടങ്ങി.

അതിനിടെ ഇന്നലെ രാത്രി തന്നെ ബെയിലിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കണമെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം പോലീസിൽ സമ്മർദ്ദം ചെത്തിയിരുന്നു. എളുപ്പത്തിൽ ജാമ്യം കിട്ടാൻ വേണ്ടിയായിരുന്നു അഭിഭാഷകരുടെ നീക്കം. എന്നാൽ ഇന്നു തുറന്ന കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതോടെയാണ് അഭിഭാഷകരുടെ പദ്ധതി പൊളിഞ്ഞത്. ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യാൻ പോലീസ് അപേക്ഷ നൽകും. ബെയിലിൻ ദാസ് ജാമ്യാപേക്ഷയും സമർപ്പിക്കും.