Breaking NewsBusinessIndiaLead NewsNEWSTRENDINGWorld

ഓപ്പറേഷന്‍ സിന്ദൂറിനിടെ വിവരങ്ങള്‍ ചോര്‍ന്നോ? ഇന്ത്യയിലെ ഒമ്പതു പ്രധാന വിമാനത്താവളങ്ങളിലെ നിര്‍ണായക ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നത് തുര്‍ക്കിയുടെ കമ്പനി; കൈകാര്യം ചെയ്യുന്നത് 58,000 വിമാനങ്ങള്‍; പാകിസ്താനു പിന്തുണ നല്‍കിയതിനു പിന്നാലെ സെലെബി ഏവിയേഷന്‍സും നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ യുദ്ധത്തില്‍ പാകിസ്താനെ പിന്തുണച്ച തുര്‍ക്കിയുടെ നിലപാട് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളടെ സെക്യൂരിറ്റി ഓപ്പറേഷന്‍ നടത്തുന്ന തുര്‍ക്കിഷ് കമ്പനിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ കൊഴുക്കുന്നു. 1958ല്‍ സ്ഥാപിച്ച ടര്‍ക്കിഷ് കമ്പനിയായ സെലെബിയാണ് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത്. പാകിസ്താനു പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയുടെ പ്രധാന കമ്പനിയെ ഇന്ത്യയില്‍നിന്ന് വിരങ്ങള്‍ ചോര്‍ത്തുന്നതിന് ഉപയോഗിച്ചേക്കാം എന്ന ആശങ്കയാണ് ഉയരുന്നത്. തുര്‍ക്കിയുടെ ട്രോജന്‍ കുതിരയാണോ സെലെബി എന്നാണ് അന്വേഷണം.

ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെലെബി ഏവിയേഷന്‍ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുക്കുകയും വിമാനത്താവള ലോജിസ്റ്റിക്‌സില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും, റാമ്പ് സര്‍വീസുകള്‍, ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍, കാര്‍ഗോ മാനേജ്‌മെന്റ്, ബ്രിഡ്ജ് നിയന്ത്രണം തുടങ്ങിയ നിരവധി ഉയര്‍ന്ന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളില്‍ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കളാണ് ഉയരുന്നത്. നയതന്ത്ര ബന്ധങ്ങള്‍ വഷളാകുമ്പോള്‍ ഇത് നിര്‍ണായകവുമാണ്.

Signature-ad

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തുര്‍ക്കി പാകിസ്താന് ഡ്രോണുകള്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ വന്‍ രോഷത്തിന് ഇടയാക്കിയിരുന്നു. ആക്രമണത്തിനു പ്രതികാരമായി നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള സൈനിക ആക്രമണം ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ ആരംഭിച്ചു. ദിവസങ്ങള്‍ക്ക് ശേഷം, രണ്ട് ദക്ഷിണേഷ്യന്‍ അയല്‍ക്കാര്‍ക്കിടയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, ഇസ്ലാമാബാദിനുള്ള തുര്‍ക്കി പിന്തുണ ഇന്ത്യയില്‍ പൊതുജനങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പ്രതിഷേധത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ‘ബോയ്‌കോട്ട് തുര്‍ക്കി’ എന്ന പ്രചാരണത്തിനും ഇടയാക്കി.

എയര്‍ക്രാഫ്റ്റ് മാര്‍ഷലിംഗ്, ലോഡ് ബാലന്‍സിംഗ്, കാര്‍ഗോ ടെര്‍മിനല്‍ മാനേജ്‌മെന്റ് തുടങ്ങിയ ജോലികള്‍ സെലെബിയുടെ പരിധിയിലാണ്. നിര്‍ണായക സ്ഥാനങ്ങളിലേക്കുള്ള സെലെബിയുടെ പ്രവേശനം തുര്‍ക്കിയുടെ നിലപാടോടെ സംശയാസ്പദമായിട്ടുണ്ട്. 1958 ല്‍ സ്ഥാപിതമായ സെലെബി, തുര്‍ക്കിയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട്-ഹാന്‍ഡ്ലിംഗ് കമ്പനിയാണ്. മൂന്ന് ഭൂഖണ്ഡങ്ങളിലായി എഴുപതിലധികം വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ജനറല്‍ ഏവിയേഷന്‍, വെയര്‍ഹൗസ്, കാര്‍ഗോ മാനേജ്‌മെന്റ്, വിഐപി ലോഞ്ച് മാനേജ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആഗോളതലത്തില്‍ 15,000 ജീവനക്കാരുമുണ്ട്.

ഗ്രൗണ്ട് ഹാന്‍ഡിലിംഗിനു സെലബി എയര്‍പോര്‍ട്ട് സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഡല്‍ഹി എയര്‍പോര്‍ട്ടിലെ കാര്‍ഗോ ഹാന്‍ഡിലിംഗിന് സെലെബി ഡല്‍ഹി കാര്‍ഗോ ടെര്‍മിനല്‍ എന്നാ സ്ഥാപനവും ആരംഭിച്ചു. ഇതിനുശേഷം ഇന്ത്യയിലെ പ്രധാന ഒമ്പത് എയര്‍പോര്‍ട്ടിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. എന്‍ഡിടിവിയുടെ കണക്കനുസരിച്ച്, സെലെബി ഇപ്പോള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 58,000-ത്തിലധികം വിമാനങ്ങളും 540,000 ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്യുന്നു. 7,800 പ്രാദേശിക ജീവനക്കാരും ഇവര്‍ക്കുണ്ട്. ഇവരുടെ പ്രധാന സേവനങ്ങള്‍:

1. റാമ്പ് സേവനങ്ങള്‍ (ടാക്‌സിയിംഗ് സമയത്ത് വിമാനങ്ങളെ നയിക്കല്‍)
2. ലോഡ് നിയന്ത്രണം (വിമാനങ്ങളില്‍ ശരിയായ ഭാരം വിതരണം ഉറപ്പാക്കല്‍)

3. ബ്രിഡ്ജ് ഓപ്പറേഷന്‍ (യാത്രക്കാരുടെ ബോര്‍ഡിംഗ് പാലങ്ങള്‍ കൈകാര്യം ചെയ്യല്‍)
4. ചരക്ക്, വെയര്‍ഹൗസ് കൈകാര്യം ചെയ്യല്‍ (ഉയര്‍ന്ന മൂല്യമുള്ളതും സെന്‍സിറ്റീവ് സാധനങ്ങളും നിരീക്ഷിക്കല്‍)
5. പൊതു വ്യോമയാനം (വിഐപികളും സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളും ഉള്‍പ്പെടെ)

സെലെബിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളും അങ്കാറയുടെ വിദേശനയ തീരുമാനങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധം കണ്ടെത്തിയിട്ടില്ലെങ്കിലും, ഇന്ത്യയുടെ വ്യോമയാന സുരക്ഷാ ചട്ടക്കൂടില്‍ ഒരു തുര്‍ക്കി സ്ഥാപനം ആഴത്തില്‍ ഉള്‍ച്ചേരുന്നതിന്റെ പ്രത്യാഘാതം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സെലെബിയുടെ കരാറുകളുടെയോ അനുമതികളുടെയോ ഏതെങ്കിലും അവലോകനം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും, ദേശീയ സുരക്ഷാ ചര്‍ച്ചകള്‍ വിദേശ നിക്ഷേപ നയത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനാല്‍, വരും ആഴ്ചകളില്‍ സെലെബി കൂടുതല്‍ നിയന്ത്രണ പരിശോധനയ്ക്ക് വിധേയമായേക്കാം.

2020 ലെ ഗാല്‍വാന്‍ വാലി സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനീസ് സ്ഥാപനങ്ങളെ സെന്‍സിറ്റീവ് മേഖലകളില്‍നിന്ന് വിലക്കുന്നതില്‍ ഇന്ത്യ തീരുമാനമെടുത്തിരുന്നു. തന്ത്രപരമായ സാന്നിധ്യമുള്ള ടര്‍ക്കിഷ് സ്ഥാപനങ്ങളുടെ കാര്യത്തിലും പ്രതിരോധ വിദഗ്ധര്‍ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നു. സെലെബി ഇപ്പോഴും പ്രവര്‍ത്തന ക്ഷമമാണെങ്കിലും ഇന്ത്യയില്‍ എത്രകാലം ചുവടുറപ്പിക്കാന്‍ കഴിയുമെന്നത് ഇന്ത്യയുടെ നയതന്ത്ര നിലപാടുകളെ ആശ്രയിച്ചിരിക്കും.

Back to top button
error: