Breaking NewsKeralaLead NewsLIFENEWSNewsthen Special

കോടതി വളപ്പിലെ പെരുമാറ്റച്ചട്ടം: പോലീസിനെ പിന്തുണയ്ക്കാന്‍ അഭിഭാഷകര്‍ക്കു കഴിയണം; ഒരു കേസിലെ മുന്‍കൂര്‍ ജാമ്യം മറ്റൊരു കേസിലെ അറസ്റ്റ് തടയുന്നില്ല

സി.ആര്‍. ബിജു

 

തിരുവനന്തപുരത്തെ സീനിയര്‍ അഭിഭാഷകന്‍ ജൂനിയര്‍ അഭിഭാഷകയെ അനാവശ്യമായി മര്‍ദിച്ച വിഷയം ചര്‍ച്ചയായി. അഭിഭാഷകയുടെ മൊഴിയില്‍ പോലീസ് കേസെടുത്തു നടപടി തുടങ്ങി. ബാര്‍ അസോസിയേഷന്‍ സീനിയര്‍ അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്തു. ബാര്‍ കൗണ്‍സില്‍ പ്രാക്ടീസ് വിലക്കി. മാതൃകാപരമായ നടപടികളാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യരാകുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമാണ്. ആ തെറ്റ് തെറ്റെന്നുതന്നെ പറഞ്ഞു തിരുത്തല്‍ വേണം.

Signature-ad

കൂടെ ഉള്ളവരാണ് തെറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ന്യായീകരിച്ച് സംരക്ഷണ കവചം തീര്‍ക്കുന്ന പല കാഴ്ചകളും കണ്ടു വരുമ്പോള്‍, തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുന്ന ഈ ആര്‍ജവം അഭിനന്ദനീയമാണ്. ഈ വിഷയത്തില്‍ ഇരുവരും അഭിഭാഷകരാണ്. ഏത് വിഭാഗത്തിലും ബഹുഭൂരിപക്ഷം വരുന്ന നല്ലവരെക്കൂടി വേദനിപ്പിക്കാന്‍ അപൂര്‍വം ചിലരുണ്ടാകും. അവരെ തള്ളിപ്പറയേണ്ടിവന്നാല്‍ അതിനു തയാറാകണം.

ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ നിരവധി ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന വിഭാഗമാണ് പോലീസ്. അതു കൂടെയുള്ളവരില്‍ നിന്നല്ല എന്ന വ്യതാസം മാത്രം. സമീപ ദിവസം കോട്ടയത്ത് പിടിച്ചുപറിക്കേസിലെ പ്രതിയെ പിടിക്കാന്‍ പോയ പോലീസിനെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മോഷണക്കേസിലെ പ്രതിയെ പിടിക്കാന്‍ എത്തിയ വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ പ്രതിയുടെ ഉമ്മ ഉള്‍പ്പെടെയാണ് ആക്രമിച്ചത്. അപൂര്‍വമായെങ്കിലും ചില രാഷ്ട്രീയ നേതാക്കളും അസഭ്യവര്‍ഷവും പോര്‍വിളിയുമായും പോലീസിന് നേരേ വരാറുണ്ട്. നിയമ വ്യവസ്ഥയുടെ ഭാഗമായിതന്നെ കാണേണ്ട അഭിഭാഷകരില്‍ ചിലരും പോലീസിനെ ആക്രമിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.

നിയമലംഘനത്തിന് ഒരു അഭിഭാഷകന്റെ പേരില്‍ കേസ് എടുത്തതിനാല്‍ ചേര്‍ത്തല സബ് ഇന്‍സ്‌പെക്ടറായിരുന്ന ലൈഷാദ് മുഹമ്മദിനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷന്‍ പരാതി നല്‍കുകയും ഇരുവരേയും കേള്‍ക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേക്ക് വിളിപ്പിക്കുകയും യൂണിഫോമില്‍ അവിടെ എത്തിയ ലൈഷാദ് മുഹമ്മദിനെ ഒരു കൂട്ടം അഭിഭാഷകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തിട്ട് അധികകാലമായില്ല. ഹൈക്കോടതി കോമ്പൗണ്ടിനുള്ളിലാണിതു സംഭവിച്ചത് എന്നതാണ് വേദനാജനകം. ഇങ്ങനെ നിരവധി സംഭവങ്ങള്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ നീതിദേവതയുടെ സന്നിധിയായ കോടതി വളപ്പിനുള്ളില്‍ വച്ചാണ് എന്നത് അത്യന്തം നിരാശാജനകവുമാണ്.

സമീപ ദിവസം ആലപ്പുഴ ജില്ലയിലുണ്ടായ സംഭവത്തെ തുടര്‍ന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ കേരള ഹൈക്കോടതി കേസ് എടുത്തിട്ടുണ്ട്. അഭിഭാഷകരോട് പെരുമാറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റചട്ടം ഉണ്ടാക്കണം എന്നതാണ് അഭിഭാഷക സംഘടനയുടെ ആവശ്യം. രാമങ്കരി കോടതിയില്‍ നിന്ന് ഒരു കേസില്‍ ജാമ്യം എടുത്ത് പുറത്തിറങ്ങിയ പ്രതിയെ മറ്റൊരു കേസില്‍ പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നു. അത് തടയാന്‍ ഉണ്ടായ ശ്രമമാണ് പരാതിക്ക് അടിസ്ഥാനം. അറസ്റ്റ് ചെയ്തത് കോടതി കോമ്പൗണ്ടിലാണോയെന്നതും കോടതി പരിശോധിക്കുന്നു. ഡബ്ല്യുപി (സി) 32952/ 2024 എന്ന ഈ കേസില്‍, കോടതി കോമ്പൗണ്ടില്‍ പോലീസ് എങ്ങനെ പെരുമാറണം എന്നതിന് ഒരു മാര്‍ഗരേഖ ഉണ്ടാക്കാന്‍ ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഈ കേസില്‍ കക്ഷി ചേരുന്നതിനെക്കുറിച്ച് 2025 മേയ് 26, 27, 28 തീയതി നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ഇത്തരം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ന് പോലീസിംഗില്‍ നമ്മുടെ പോലീസ് അനുഭവിക്കുന്ന പ്രധാന സാഹചര്യങ്ങള്‍ പൊതു സമൂഹം അറിയേണ്ടതുണ്ട്. കുറ്റാന്വേഷണവും പ്രതികളെ കണ്ടെത്തലും കുറ്റപത്രം സമര്‍പ്പിക്കലുമെല്ലാം ആധുനിക കാലഘട്ടത്തില്‍ വളരെ കഠിനമേറിയ ജോലിയായി പോലീസിന് മാറിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളിലെ പ്രതികള്‍ കേസ് രജിസ്റ്റര്‍ ചെയ്ത ജില്ലയ്ക്ക് പുറത്താണെന്നു മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് തന്നെ പുറത്തും ആകുന്ന സാഹചര്യമുണ്ട്. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ എത്തിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന് പൂര്‍ണ പിന്തുണ നല്‍കേണ്ട വിഭാഗങ്ങളും പൊതുധാരയിലെ ചിലരും അതിന് തടസമാകുന്നു എന്നതു വലിയ പ്രതിസന്ധിയാണ്. പോലീസ് അന്വേഷിക്കുന്ന ഒരു പ്രതി സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള സാഹചര്യമാണ് പലപ്പോഴും കാണുന്നത്.

ഇങ്ങനെയുള്ള പ്രതികളെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുമ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ മറ്റു കേസുകളില്‍ ഫോര്‍മല്‍ അറസ്റ്റ് പോലും രേഖപ്പെടുത്തി വരാറുണ്ട്. ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു എന്ന കാരണത്താല്‍ മറ്റ് കേസുകളില്‍ പ്രതിയാണെങ്കില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസിന് കഴിയില്ല. ഒരു കേസിലെ പ്രതി നിയമസഹായത്തിനായി അഭിഭാഷകരെ സമീപിക്കാറുണ്ട്. വക്കാലത്തും ഏര്‍പ്പിക്കാറുണ്ട്. 90% കേസുകളിലും അഭിഭാഷകന് തന്റെ കക്ഷിയെ മുന്‍പരിചയം പോലും ഉണ്ടാകാറില്ല. അദ്ദേഹത്തിന്റ മുന്നില്‍ എത്തിയ കേസിനെക്കുറിച്ച് മാത്രമാകും അറിവുണ്ടാകുക.

ഒരു വക്കീല്‍ ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തു നല്‍കി എന്നതുകൊണ്ട് മറ്റൊരു കേസ് ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന ചിന്തയിലേക്ക് പോകുന്നത് നിയമ വ്യവസ്ഥയ്ക്ക് അപകടകരമാണ്. കേരള ഹൈക്കോടതിക്ക് ഉള്ളതുപോലെ കോടതികള്‍ക്ക് മാത്രമായി ഒരു കോമ്പൗണ്ട് അപൂര്‍വമാണ്. കോടതികള്‍ ഇരിക്കുന്ന കോമ്പൗണ്ടിനുള്ളില്‍ മറ്റ് നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഉണ്ടാകും. അതുകൊണ്ട് തന്നെ കോടതി മുറിക്ക് പുറത്തുള്ള സ്ഥലത്തെ പൊതു ഇടമായി മാത്രമേ കാണാന്‍ കഴിയൂ.

സാധാരണ പൗരന്മാര്‍ക്കപ്പുറം തങ്ങള്‍ക്ക് എന്തോ പ്രത്യേക പരിഗണന (പ്രിവിലേജ്) ഉണ്ട് എന്ന് തെറ്റിധരിക്കുന്ന ചില വിഭാഗങ്ങളിലെ അപൂര്‍വം ചിലരാണ് പോലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കാറുള്ളത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ ദുര്‍ഘടം പിടിച്ച യാത്രയ്ക്കിടയില്‍ പോലീസിനെതിരായി സൃഷ്ടിക്കുന്ന ആരോപണങ്ങളില്‍ ബഹുഭൂരിപക്ഷവും അത്തരക്കാരില്‍ നിന്നാണ്. നിയമത്തിന് മുന്നില്‍ എല്ലാ ഇന്ത്യന്‍ പൗരന്‍മാരും സമന്മാരാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്കോ, അഭിഭാഷകര്‍ക്കോ എന്നല്ല ആര്‍ക്കും നിയമത്തിന്റെ മുന്നില്‍ ഒരു പ്രത്യേക പ്രിവിലേജും ഇന്ത്യന്‍ ഭരണഘടന പറയുന്നില്ല. അങ്ങനെ പാടില്ല എന്ന് കൃത്യമായി പറയുകയും ചെയ്യുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഇങ്ങനെയാണ്: The State shall not deny to any person equality before the law or the equal protection of the laws within the territory of India.” 1974 ൽ E.P. Royappa Vs State of Tamil Nadu കേസില്‍ സുപ്രീംകോടതിയുടെ വ്യക്തമായ വിധിയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘അഭിഭാഷകരോട് പെരുമാറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടം വേണം’ എന്ന അഭിഭാഷക സംഘടനയുടെ ആവശ്യം ഭരണഘടനാ വിരുദ്ധമാണ്. അങ്ങനെ പറയുമ്പോഴും എല്ലാ പൗരന്മാരോടും മാന്യമായും നിയമപരമായും മാത്രമേ പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ഇടപെടാന്‍ പാടുള്ളൂ. ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകളോ, ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പരിഗണനയോ നല്‍കുക എന്നതല്ല എല്ലാവരേയും ഒരുപോലെ കണ്ട് നിയമാനുസൃതം മാത്രം പോലീസ് പ്രവര്‍ത്തിക്കുക എന്നതാണ് വേണ്ടത്.

അങ്ങനെ പ്രവര്‍ത്തിക്കുന്ന പോലീസിന് നിയമപരമായ പിന്തുണ എല്ലാവരും നല്‍കുക. നീതി തേടി പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക്, അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ നിയമവിധേയമായി അന്വേഷിച്ച് കോടതി മുമ്പാകെ അന്തിമ തീരുമാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ കോടതികള്‍ മുഖാന്തിരം അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയുകയുള്ളു. അത്തരത്തില്‍ കോടതിയില്‍ നിന്ന് നീതി ലഭ്യമാക്കുന്നതിന് കോടതിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് പോലീസുദ്യോഗസ്ഥരും അഭിഭാഷകരും പൊതുസമൂഹമാകെയും എന്ന ചിന്ത കൂടി ഈ സന്ദര്‍ഭത്തില്‍ പങ്കുവയ്ക്കുന്നു.

(കേരള പോലീസ് ഓഫീസേഴ്‌സ്അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍. നിരീക്ഷണങ്ങള്‍ വ്യക്തിപരം)

 

Back to top button
error: