തലശേരിയില്‍ തുടക്കം; പാകിസ്താനില്‍ ഏഴുവര്‍ഷം ചാരന്‍; ഇന്ത്യയുടെ പ്രതിരോധ തന്ത്രങ്ങളുടെ ദ്രോണാചാര്യന്‍; ഭരണസിരാ കേന്ദ്രങ്ങളില്‍ വിളിപ്പേര് ജയിംസ് ബോണ്ട്; ഓപ്പറേഷന്‍ സിന്ദൂറില്‍ വിജയിച്ചത് അജിത് ഡോവലിന്റെ കൂര്‍മബുദ്ധി; കരിയറിലെ അതിസാഹസികന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തില്‍ അജിത് ഡോവലിന് ഒരു വിളിപ്പേരുണ്ട്- ജെയിംസ് ബോണ്ട്! എന്തുകൊണ്ട് അങ്ങനെയൊരു പേരു കിട്ടിയതെന്ന് അറിയണമെങ്കില്‍ ഡോവലിന്റെ പഴയകാലം വെറുതേയൊന്നു നോക്കിയാല്‍ മതി. ചാരനായി തുടങ്ങി എതിരാളികളുടെ മര്‍മം നോക്കി പ്രഹരിക്കാന്‍ കഴിയുന്ന ബുദ്ധിരാക്ഷസനായി വളരുന്നതില്‍ അജിത്തിന്റെ കഠിനാധ്വാനവും ജാഗ്രതയുമുണ്ട്.
പാകിസ്താന് എക്കാലത്തും തലവേദനയാണ് അജിത്ത് ഡോവല്‍. ഡോവല്‍ കളത്തിലുണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ പ്രതീക്ഷിക്കാവുന്നത് അപ്രതീക്ഷിത നീക്കങ്ങള്‍. ഇന്ത്യയില്‍ ഭീകരാക്രമണം കഴിഞ്ഞശേഷം ജനറല്‍ മുനീര്‍ പ്രതീക്ഷിച്ചത് അതിര്‍ത്തിയില്‍ പീരങ്കികള്‍ നിരത്തിവച്ചു വെടിവയ്ക്കുമെന്നാണ്. എന്നാല്‍, സൈനിക ജനറലിന്റെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചാണ് 35 തീവ്രവാദി ക്യാമ്പുകളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട ഒമ്പതെണ്ണം തെരഞ്ഞെടുത്ത് തിരിച്ചടിച്ചത്. നൂറുകണക്കിനു പാക് ഭീകരരെ കൊന്നതിനൊപ്പം അടുത്തകാലത്തേക്ക് അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനു വിലങ്ങിടാനും ഇന്ത്യക്കായി. അതും ആര്‍ക്കും ഒരു പിഴവുപോലും ആരോപിക്കാനില്ലാതെ. ഒപ്പം പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രമെന്ന് ലോകത്തിനു മുന്നില്‍ അടിവരയിടീക്കാനും ഇന്ത്യക്കു കഴിഞ്ഞു.

ഇത്രയൊക്കെ മുന്‍കൂട്ടി കാണണമെങ്കില്‍ അതിന്റെ പേരാണ് അജിത്ത് ഡോവല്‍ എന്നത്. ഇന്ത്യ എപ്പോഴൊക്കെ പ്രതിരോധത്തിലാകുമ്പോഴും സൂപ്പര്‍ ഹീറോയാണു ഡോവല്‍. പഹല്‍ഗാം ആക്രമണത്തിനുശേഷവും മോദി ഡോവലിനെയാണു കളത്തിലിറക്കിയത്. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗങ്ങളില്‍ മാധ്യമങ്ങളുടെ കണ്ണുടക്കിയതും ഈ കറുത്ത കോട്ടുധാരിയിലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ഏതു തരത്തിലായിരിക്കണമെന്നു തീരുമാനിച്ചതില്‍ ഡോവലിനു നിര്‍ണായക പങ്കുണ്ട്.
അജിത് ഡോവലിന്റെ ഔദ്യോഗിക ജീവിതം മുഴുവന്‍ സാഹസികവും അദ്ഭുതകരമായ രഹസ്യാന്വേഷണ കൗതുകങ്ങളും നിറഞ്ഞതാണ്. പാക്കിസ്താനിലെ ലാഹോറിലെയും കറാച്ചിയിലെയും മുഴുവന്‍ ടെലിഫോണ്‍ ബൂത്തുകളും എന്തിന് ഇലക്ട്രിക് പോസ്റ്റുകള്‍ പോലും അജിത്ത് ഡോവലിനു കാണാപ്പാഠമാണെന്ന കഥതന്നെയുണ്ട്. പഞ്ചാബ് അമൃതസറിലെ സുവര്‍ണക്ഷേത്രം കയ്യടക്കിയ ദിവസങ്ങളിലാണ് അജിത് ഡോവലെന്ന സാഹസികനായ ഓഫിസറുടെ ധൈര്യം രാജ്യം മനസിലാക്കിയത്. ഭീകരവാദികളുടെ ഇടയിലേക്ക് ഇദ്ദേഹം ഓട്ടോഡ്രൈവറുടെ വേഷത്തില്‍ കടന്നുചെന്നു. താനൊരു പാക്കിസ്താന്‍ ചാരനാണെന്ന് ഖാലിസ്ഥാന്‍ വാദികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭീകരരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി സേനയ്ക്കു നല്‍കി. ധീരമായ ഈ സേവനത്തിന് രാജ്യം അജിത്തിന് കീര്‍ത്തിചക്ര നല്‍കി ആദരിച്ചു.
കാണ്ഡഹാര്‍ വിമാനം റാഞ്ചലിലും ഇറാഖില്‍ ഇന്ത്യന്‍ നഴ്‌സുമാരെ ഐഎസ് ബന്ദികളാക്കിയപ്പോഴും ഭീകരന്മാരുമായി സംസാരിക്കാന്‍ ഇന്ത്യ നിയോഗിച്ചതു ഡോവലിനെത്തന്നെ. 2016 ല്‍ ഉറി ഭീകരാക്രമണത്തിനു ഉചിതമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി ഡോവലിനെയാണ് ദൗത്യമേല്‍പ്പിച്ചത്. നിയന്ത്രണരേഖയില്‍നിന്നു രണ്ടു കിലോമീറ്റര്‍വരെ ഉള്ളില്‍ കടന്ന് നമ്മുടെ സൈന്യം ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിജയം കണ്ടത് ഡോവിലിന്റെ കൃത്യമായ പ്ലാനിംഗ്. പ്രതിരോധം ഒരിക്കലും വിജയം തരില്ല. അതായിരുന്നു ഡോവലിന്റെ തിയറി. ബംഗ്ലദേശ്, മ്യാന്‍മര്‍, തായ്ലന്‍ഡ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പല പിടികിട്ടാപ്പുള്ളികളെയും ഇന്ത്യയിലെത്തിച്ചത് ഡോവലിന്റെ ബുദ്ധിയായിരുന്നു.
ഏഴു വര്‍ഷം പാക്കിസ്താനിലെ ഇന്ത്യന്‍ ചാരനായിരുന്നു ഡോവല്‍. വേഷംമാറി അവിടെ ജീവിച്ച് പാക്കിസ്ഥാന്റെ മുക്കും മൂലയും പഠിച്ചെടുത്തു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ഡോവലിന്റെ ചരടുവലികള്‍ ഇന്ത്യന്‍ സൈന്യത്തിനു എന്നും മുതല്‍ക്കൂട്ടായിരുന്നു. ഉത്തരാഖണ്ഡില്‍ ജനിച്ച ഡോവലിന്റെ കരിയറിന്റെ തുടക്കം തലശേരിയില്‍നിന്നാണ്. 1968 ല്‍ ഐപിഎസ് ലഭിച്ചു. എഎസ്പിയായി കേരള പൊലീസില്‍ സേവനം ചെയ്യുന്നതിനിടയിലാണ് 1971 ല്‍ തലശേരിയിലെ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. കെ. കരുണാകരനാണ് അന്ന് അഭ്യന്തര മന്ത്രി. കേരള പൊലീസിലെ ഏറ്റവും ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അജിത്ത് ഡോവലിനെയാണു കരുണാകരന്‍ തലശേരിയിലേക്കു നിയോഗിച്ചത്. കരുണാകരന്‍ നല്‍കിയ ആ കൈനീട്ടം പിഴച്ചില്ല. അന്നു ഡോവലിനു പ്രായം 26. ഇന്ന് 80-ാം വയസില്‍ ഇതേ അജിത്ത് ഡോവലിനെത്തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശ്രയിക്കുന്നു.
ഇന്റലിജന്‍സ് ബ്യൂറോയില്‍ സജീവമായ ഫീല്‍ഡ് ഇന്റലിജന്‍സ് ഓഫീസറായിട്ടാണ് ഡോവല്‍ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. 2009ല്‍ വിരമിച്ച ശേഷം, ഡോവല്‍ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായി. 2014ല്‍, ഇറാഖിലെ തിക്രിതിലെ ആശുപത്രിയില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്സുമാരുടെ മോചനം അജിത് ഡോവല്‍ ഉറപ്പാക്കി. ഒരു അതീവ രഹസ്യ ദൗത്യത്തിനായി അദ്ദേഹം 2014 ജൂണ്‍ 25ന് ഇറാഖിലേക്ക് പറന്നു. ഇറാഖ് സര്‍ക്കാരില്‍ ഉന്നത ബന്ധങ്ങളുണ്ടാക്കിയാണ് ഡോവല്‍ മോചനം സാധ്യമാക്കിയത്.
2014 ജൂലൈ 5ന് നഴ്സുമാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട്, മ്യാന്‍മറില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികള്‍ക്കെതിരെ ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനൊപ്പം മ്യാന്‍മറില്‍ വിജയകരമായ സൈനിക നടപടിക്കും ഡോവല്‍ നേതൃത്വം നല്‍കി. 2019ല്‍, ഡോവലിനെ അഞ്ച് വര്‍ഷത്തേക്ക് കൂടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിക്കുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ കാബിനറ്റ് റാങ്ക് നല്‍കുകയും ചെയ്തു.