
ഗുരുവായൂര്‍: ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്. 210 വിവാഹങ്ങള്‍ നടന്നു. ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്തിയത് ഭക്തര്‍ക്ക് ഉപകാരപ്രദമായി. നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കനുഭവപെട്ടു. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ വന്‍ തിരക്കുണ്ടായി. കൊടിമരത്തിന് സമീപത്തകൂടി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു. തിരക്ക് കാരണം ചുറ്റമ്പലപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിച്ചില്ല. പുലര്‍ച്ചെ അഞ്ച് മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങളിലും താലികെട്ട് നടന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് പ്രത്യേക സംവിധാനം ഒരുക്കി വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ടോക്കണ്‍ നല്‍കി ക്രമീകരണം ഒരുക്കി.
വധുവും വരനും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെയാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചത്. 521 കുരുന്നുകള്‍ക്ക് ചോറൂണ്‍ വഴിപാടും നടന്നു. നെയ് വിളക്ക് ശീട്ടാക്കിയ ഇനത്തില്‍ 28.34 ലക്ഷം രൂപ ദേവസ്വത്തിന് ലഭിച്ചു. പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞതിനാല്‍ ഇന്നര്‍ – ഔട്ടര്‍ റിംഗ് റോഡുകളില്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടിവന്നു. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ദേവസ്വം മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ വിവാഹ സംഘങ്ങള്‍ക്കും ഭക്തര്‍ക്കും ബുദ്ധിമുട്ടില്ലാതെ ദര്‍ശനം നടത്താനും വിവാഹങ്ങള്‍ നടത്താനും സാധിച്ചു.ദേവസ്വം ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.