ഐപിഎല്‍ മത്സരങ്ങള്‍ മേയ് 16 മുതലെന്നു റിപ്പോര്‍ട്ട്; കളികളെല്ലാം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍; ടീമുകളോടു ഹോം ഗ്രൗണ്ടില്‍ എത്താന്‍ നിര്‍ദേശം; വിദേശ താരങ്ങള്‍ മടങ്ങിയത് പ്രതിസന്ധി

ബംഗളുരു: ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മല്‍സരങ്ങള്‍ മേയ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വേദികളിലായി നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലായി മേയ് 30 വരെ നീളുന്ന രീതിയിലാകും ഐപിഎലിന്റെ പുതിയ ഷെഡ്യൂള്‍. പുതിയ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള എല്ലാ ടീമുകളോടും ചൊവ്വാഴ്ചയോടെ ഹോം ഗ്രൗണ്ടുകളില്‍ എത്താന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മല്‍സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്‍ നിര്‍ത്തിവച്ചതോടെ മിക്ക ടീമിലെയും വിദേശ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും സ്വന്തം രാജ്യത്തേക്ക് മടങ്ങിയിരുന്നു. നിലവില്‍ ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികള്‍. വിദേശകളിക്കാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കി.

12 ലീഗ് മല്‍സരങ്ങളും നാല് പ്ലേ ഓഫ് മല്‍സരങ്ങളുമാണ് ഐപിഎലില്‍ ബാക്കിയുള്ളത്. പ്ലേ ഓഫുകള്‍ക്കും ഫൈനലിനും കുറഞ്ഞത് ആറ് ദിവസമെങ്കിലും ആവശ്യമുള്ളതിനാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കുന്നതിനാല്‍ ഒരു ദിവസം രണ്ട് മല്‍സരം എന്ന രീതിയിലാകും പുതുക്കിയ ഷെഡ്യൂള്‍ എന്നാണ് സൂചന.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഐപിഎല്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്. വിഷയം സര്‍ക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. നിലവിലെ മത്സരക്രമം അനുസരിച്ച് പ്ലേഓഫ് മത്സരങ്ങള്‍ മേയ് ഇരുപതിന് ആരംഭിക്കാനും 25ന് ഫൈനല്‍ നടത്താനുമാണ് നിശ്ചയിച്ചിരുന്നത്.