ഇന്ത്യ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ മാത്രം; നാനൂറില്‍ അധികം ഭീകരരെ വധിച്ചു; ഓപ്പറേഷന്‍ സിന്ദൂറിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് സൈന്യം; തിരിച്ചടി നിയന്ത്രിതവും കൃത്യവും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ത്യന്‍ ഭീഷണി മൂലം ചില ഭീകരകേന്ദ്രങ്ങളില്‍ നിന്ന് ഭീകരര്‍ ഒഴിഞ്ഞുപോയെന്നും സാധാരണ ജനങ്ങള്‍ക്ക് യാതൊരു അപായവും ഉണ്ടാകാതെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തിരിച്ചടി നിയന്ത്രിതവും കൃത്യതയുള്ളതുമായിരുന്നുവെന്നും ഡിജിഎംഒ വ്യക്തമാക്കി.
മുരിദ്‌കെയിലെ ലഷ്‌കര്‍ ഇ ത്വയ്ബയുടെ കേന്ദ്രം അജ്മല്‍ കസബിനെ പരിശീലിപ്പിച്ച സ്ഥലമാണ്. ഒന്‍പതിലധികം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സൈന്യം സ്ഥിരീകരിച്ചു. കൊടുംഭീകരനായ അബ്ദുള്‍ റൗഫ് ഈ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായും ഡിജിഎംഒ അറിയിച്ചു.

സൈന്യം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഓപ്പറേഷന്‍ സിന്ദൂറിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ സൈന്യം മാധ്യമങ്ങള്‍ക്ക് നല്‍കി. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് തിരിച്ചടി നടത്തിയതെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. എട്ടാം തീയതി രാത്രി പോരാട്ടത്തിന് തയ്യാറാണെന്ന സന്ദേശം പാക്കിസ്ഥാന്‍ നല്‍കി. ഇതിനെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടി ശക്തമാക്കുകയും പാക്കിസ്ഥാന്റെ റഡാര്‍ സംവിധാനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഡ്രോണ്‍ ആക്രമണം നടക്കുമ്പോള്‍ പാക്കിസ്ഥാന്‍ യാത്രാവിമാനങ്ങള്‍ പറത്തിയെന്നും ഇന്ത്യന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ചെറുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലെ ഏത് മേഖലയിലും തിരിച്ചടിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. എട്ടാം തീയതിയിലെ പാക് വ്യോമകേന്ദ്രങ്ങളിലെ തിരിച്ചടി ഇതിന് തെളിവാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതിരിക്കാനുള്ള തിരിച്ചറിവ് പാക്കിസ്ഥാന്‍ കാണിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.