Breaking NewsKeralaLead NewsNEWSpolitics

വാതില്‍ വലിച്ചടച്ച് ആന്റോ; ഷാനിമോളെ തഴഞ്ഞ് ഷാഫി; അമര്‍ഷത്തില്‍ മുതിര്‍ന്ന നേതാക്കളും വനിതകളും; അവസാനം വരെ പോരാടി സുധാകരന്‍; ലാല്‍സലാം പറഞ്ഞ് സ്ഥാനമൊഴിയല്‍; എട്ട് കെപിസിസി പ്രസിഡന്റുമാരുടെ വിധി സുധാകരനും; ആഘോഷം പുറത്ത്; അടിത്തട്ടില്‍ പുകഞ്ഞ് കോണ്‍ഗ്രസ് രാഷ്ട്രീയം

ആകെ ഒമ്പതു കെപിസിസി പ്രസിഡന്റുമാര്‍ക്കാണ് ഗ്രൂപ്പുകളിയില്‍പെട്ടു സ്ഥാനം ഒഴിയേണ്ടി വന്നത്. 2001ല്‍ തെന്നല ബാലകൃഷ്ണപിള്ളയില്‍ തുടങ്ങിയ ചരിത്രം ഇപ്പോള്‍ കെ സുധാകരനില്‍ എത്തി നില്‍ക്കുന്നു. തെന്നല ബാലകൃഷ്ണപിള്ളയും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും സര്‍വാദരണീയ നേതാക്കളെന്ന വിശേഷണത്തിലാണ് കെപിസിസി പ്രസിഡന്റുമാരായത്. ഇവരെ ഒഴിവാക്കിയതിന്റെ കാരണം പോലും വെളിപ്പെടുത്തിയില്ല

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തില്‍ കോണ്‍ഗ്രസിലെ ‘പവര്‍ ഗ്രൂപ്പ്’ സമവാക്യങ്ങള്‍ മാറിയെങ്കിലും പുറത്താക്കപ്പെട്ടവരുടെ അമര്‍ഷത്തില്‍ പുകഞ്ഞ് അടിത്തട്ട്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് തഴയപ്പെട്ട ആന്റോ ആന്റണി പരസ്യമായി രംഗത്തു വന്നതും മുതിര്‍ന്ന നേതാക്കളെയും വനിതകളെയും വ്യാപമായി ഒഴിവാക്കിയതും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു തലവേദനയാകും. പ്രതീക്ഷയോടെ കാത്തിരുന്ന പലരുടെയും തലകള്‍ ഉരുണ്ടത് അപ്രതീക്ഷിതമായാണ്. സമൂഹ മാധ്യമങ്ങളില്‍ കെ.സി. വേണുഗോപാലിനെതിരേയും വന്‍ വിമര്‍ശനം ഉയരുന്നു. പ്രസിഡന്റിനെ മാറ്റിയേ തീരുവെന്ന ദീപദാസ്മുന്‍ഷി നല്‍കിയ റിപ്പോര്‍ട്ടാണ് കെ. സുധാകരന് തിരിച്ചടിയായത്.

തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ സുധാകരനെ മാറ്റുന്നത് ഗുണംചെയ്യില്ലെന്നു മുന്നറിയിപ്പു നല്‍കിയ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ അഭിപ്രായങ്ങള്‍ നേതൃത്വം പാടേ തള്ളിക്കളഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെ പേരുവെട്ടി ഷാഫി പറമ്പിലിനെ നേതൃത്വത്തിലെത്തിച്ചതും ചര്‍ച്ചയായി.

Signature-ad

ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റാക്കുമെന്ന് പറഞ്ഞ് നാണംകെടുത്തിയതിനും നേതൃത്വം മറുപടി പറയേണ്ടിവരും. ഒന്നാംപേരുകാരനായി ആന്റോ ആന്റണിയെയാണു പരിഗണിക്കുന്നതെന്ന് പുറത്തുവിട്ടത് ഹൈക്കമാന്‍ഡാണ്. അബ്കാരി എന്ന മേല്‍വിലാസം തിരിച്ചടിക്കുമെന്ന് പറഞ്ഞാണ് പ്രസിഡന്റ് ആദ്യപട്ടികയില്‍ ഉണ്ടായിരുന്ന അടൂര്‍ പ്രകാശിനെ നീക്കിയത്. പക്ഷേ, യുഡിഎഫ് കണ്‍വീനറുമോഴും ഈ അബ്കാരി പരിവേഷമുണ്ടാകില്ലേയെന്നും ചോദ്യമുയരുന്നു.

തനിക്കെതിരേ ബിജെപിയുമായി ചേര്‍ന്നു കോണ്‍ഗ്രസിലെ ഉപജാപക സംഘം പ്രവര്‍ത്തിച്ചെന്നും സൈബര്‍ ആക്രമണത്തിനു പിന്നിലും ഇതേ സംഘമാണെന്നായിരുന്നു ആന്റോയുടെ പ്രതികരണം. ‘അവര്‍ ബിജെപിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പറയാനുള്ളത് പിന്നീട് വിശദമായി പറയും. അര്‍ഹതപ്പെട്ട ധാരാളം സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്”- ആന്റോ പറഞ്ഞു. ഫോട്ടോ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയണമെന്ന കെ മുരളീധരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ ‘അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്നുണ്ടല്ലോ’ എന്നായിരുന്നു മറുപടി. കോട്ടയം കുമാരനല്ലൂരിലെ ബന്ധുവീട്ടിലായിരുന്ന ആന്റോ ആന്റണി രാത്രി ഏഴിന് വീട്ടിലെത്തിയെങ്കിലും മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ അകത്തിരുന്നു. ഏറെക്കഴിഞ്ഞാണ് പുറത്തിറങ്ങി പ്രതികരിച്ചത്. പ്രതികരണം കഴിഞ്ഞയുടന്‍ വീടിനകത്തുകയറി വാതില്‍ വലിച്ചടച്ചു.

കെ. സുധാകരനെ മാറ്റുന്നതിനെതിരേ രണ്ടാംനിര നേതൃത്വമടക്കം ഓവര്‍ ടൈം പണിയെടുത്തിരുന്നു. എം. ലിജുവിന്റെ നേതൃത്വത്തിലാണ് സുധാകരനു പിന്നില്‍ ഒരു വിഭാഗം അണിനിരന്നത്. ഇതിന്റെ ആദ്യപടിയായി സംസ്ഥാനമൊട്ടാകെ വന്‍ പോസ്റ്റര്‍ പ്രതികരണങ്ങളും ഉണ്ടായി. ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ കാസര്‍കോടും കണ്ണൂരിലും വ്യാപക പോസ്റ്റര്‍ ഫ്‌ലക്സ് പ്രചാരണമാണ് ഇവര്‍ നടത്തിയത്. കാസര്‍കോട് ഡിസിസി ഓഫീസിനുമുന്നില്‍ പതിച്ച പോസ്റ്ററില്‍, ‘യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കും. കെ സുധാകരന്‍ തുടരട്ടെ’ എന്നാണുള്ളത്.

ഉദുമ, പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഡിസിസി ഭാരവാഹിയായ മലയോരത്തെ ഉന്നതനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവുമാണ് പോസ്റ്റര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. പയ്യന്നൂരില്‍ ‘കോണ്‍ഗ്രസ് പോരാളികളുടെ’ പേരിലാണ് പോസ്റ്ററും ഫ്‌ലക്സ് ബോര്‍ഡും. പയ്യന്നൂര്‍ നഗരത്തില്‍ പതിച്ച പോസ്റ്ററില്‍ ‘ജനനായകന്‍ കെ എസ് തുടരണം’ എന്നും ആവശ്യപ്പെടുന്നു. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലും സുധാകരന്‍ അനുകൂലികള്‍ ഒളിയുദ്ധം നടത്തിയിരുന്നു. സ്ഥാനത്തുനിന്നു മാറ്റുന്നതിനെതിരേ അവസാന സമയംവരെ പിടിച്ചു നില്‍ക്കാന്‍ സുധാകരനും ശ്രമിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താകുന്ന നേതാക്കളില്‍ പലരും രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്ന കാഴ്ചയാണു കഴിഞ്ഞകാലങ്ങളില്‍ കണ്ടിട്ടുള്ളത്. ഒമ്പതു കെപിസിസി പ്രസിഡന്റുമാര്‍ക്കാണ് ഗ്രൂപ്പുകളിയില്‍പെട്ടു സ്ഥാനം ഒഴിയേണ്ടി വന്നത്. 2001ല്‍ തെന്നല ബാലകൃഷ്ണപിള്ളയില്‍ തുടങ്ങിയ ചരിത്രം ഇപ്പോള്‍ കെ സുധാകരനില്‍ എത്തി നില്‍ക്കുന്നു. തെന്നല ബാലകൃഷ്ണപിള്ളയും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും സര്‍വാദരണീയ നേതാക്കളെന്ന വിശേഷണത്തിലാണ് കെപിസിസി പ്രസിഡന്റുമാരായത്. ഇവരെ ഒഴിവാക്കിയതിന്റെ കാരണം പോലും വെളിപ്പെടുത്തിയില്ല.

തെന്നല ബാലകൃഷ്ണപിള്ളയെ 2001ല്‍ പുറത്താക്കിയത് യുഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ്. തെരഞ്ഞെടുപ്പില്‍ നയിച്ചതിന് അദ്ദേഹത്തോട് നന്ദി പറയാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ലെന്ന് പരാതി വന്നു. 2001ല്‍ കെപിസിസി പ്രസിഡന്റായ കെ മുരളീധരനെ രൂക്ഷമായ ഗ്രൂപ്പ് യുദ്ധം പരിഹരിക്കാന്‍ 2004ല്‍ വൈദ്യുതി മന്ത്രിയാക്കി. എന്നാല്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ് മുരളീധരന്‍ നാണം കെട്ടു. വടക്കാഞ്ചേരിയില്‍ യുഡിഎഫ് സിറ്റിങ് സീറ്റിലാണ് അന്ന് മുരളീധരന്‍ പരാജയപ്പെട്ടത്.

പിന്നീട് വന്ന പി.പി. തങ്കച്ചനും തെന്നലയും നിഷ്പ്രഭരായി പടിയിറങ്ങി. 2005 മുതല്‍ 2014 വരെ പ്രസിഡന്റായി പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ‘താക്കോല്‍ സ്ഥാനം’ നല്‍കി ഒഴിവാക്കി. തുടര്‍ന്ന് ഹൈക്കമാന്‍ഡ് നിയോഗിച്ച വി.എം. സുധീരനെ കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം ശക്തമായതോടെ പുറത്താക്കി. ഇടക്കാല അധ്യക്ഷനായി എം.എം. ഹസന്‍ വന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അടുത്ത ഊഴം. എന്നാല്‍ മുല്ലപ്പള്ളിയെ അപ്രതീക്ഷിതമായി പുറത്താക്കി 2021ല്‍ കെ സുധാകരനെ നിയമിച്ചു. കോണ്‍ഗ്രസിനെ സെമികേഡര്‍ പാര്‍ടിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കുമെന്നും പറഞ്ഞ സുധാകരനു മാധ്യമങ്ങളും വന്‍ വരവേല്‍പ്പ് നല്‍കി. ഹൈക്കമാന്‍ഡിന്റെയും ഗ്രൂപ്പ് നേതാക്കളുടെയും ഓപ്പറേഷനില്‍ സുധാകരനും വീണു.

 

 

Back to top button
error: