KeralaNEWS

കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടുന്നു; എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കശ്മീരില്‍ കുടുങ്ങി മലയാളി വിനോദ സഞ്ചാരികള്‍. യുദ്ധ ഭീതിയുടെ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ സഞ്ചാരത്തിനു പോയ നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെല്ലാം നാട്ടിലെത്താനാവാതെ വിഷമത്തിലാണ്. യുദ്ധ സാഹചര്യത്തില്‍ ശനിയാഴ്ച വരെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നാട്ടിലെത്താനുള്ള ബദല്‍ ഗതാഗത സംവിധാനങ്ങള്‍ തേടി സഞ്ചാരികള്‍ അധികൃതരെയും ഏജന്‍സികളേയും സമീപിച്ചു.

പഹല്‍ഗാം സംഭവത്തിന് പിന്നാലെ കശ്മീരിലേക്കുള്ള യാത്ര ബുക്കിങ് കൂട്ടത്തോടെ റദ്ദാക്കപ്പെട്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര പുറപ്പെട്ടവരാണ് കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതേസമയം, യുദ്ധ ഭീതിയില്‍ യാത്ര ദിനങ്ങള്‍ വെട്ടിക്കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം പാക് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായതിന് പിന്നാലെ ധര്‍മ്മശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗണ്ഡ് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പലരും കശ്മീരില്‍ കുടുങ്ങിയയത്.

Signature-ad

വിമാനത്താവളങ്ങള്‍ അടച്ചതോടെ സഞ്ചാരികളില്‍ ചിലര്‍ ശ്രീനഗറില്‍ തന്നെ തുടരാനും ചിലര്‍ റോഡ് മാര്‍ഗം മടങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍, കശ്മീരില്‍ നിന്ന് ജമ്മുവിലേക്കും മുഗള്‍ റോഡ് വഴിയും പുറപ്പെട്ട പല സഞ്ചാരികളും ജമ്മു, ലേ എന്നിവിടങ്ങളില്‍ കുടുങ്ങി.

ജമ്മു ഭാഗത്തേക്ക് റോഡ് മാര്‍ഗം പോയ ചിലര്‍ക്ക് മണിക്കൂറുകളോളം മണ്ണിടിച്ചില്‍ മൂലമുള്ള തടസം നേരിട്ടതായി കശ്മീരില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഫിജോയ് ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒന്നിലേറെ തവണ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ലേയിലും ജമ്മുവിലും മലയാളികളടക്കം സഞ്ചാരികള്‍ക്ക് മടക്ക യാത്ര ഉറപ്പാകും വരെ അധികൃതരും ട്രാവല്‍ ഏജന്‍സികളും താമസ സൗകര്യം ഏര്‍പ്പെടുത്തിയതായി ഫിജോയ് പറഞ്ഞു.

മെയ് രണ്ടിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട അഞ്ച് ഹൈകോടതി ജീവനക്കാരും കുടുംബാംഗങ്ങളും ശ്രീനഗറിലെ സൊനമാര്‍ഗിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണ്. ഗതാഗത നിയന്ത്രണം മൂലമാണ് സഞ്ചാരികള്‍ക്ക് തടസം നേരിട്ടിരിക്കുന്നതെന്ന് ടൂര്‍ ഓപറേറ്റേഴ്സ് സംഘടന ഭാരവാഹി എസ്. ഋഷികേശ് പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: