Breaking NewsLead NewsSportsTRENDING

ഓപ്പറേഷന്‍ സിന്ദൂര്‍; ചെന്നൈ-കൊല്‍ക്കത്ത മത്സരത്തിനിടെ ബോംബ് ഭീഷണി; ഈഡന്‍ ഗാര്‍ഡന് കനത്ത സുരക്ഷ; പഞ്ചാബ്-ഡല്‍ഹി മത്സരം റദ്ദാക്കിയേക്കും; മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്ന് മുംബൈയിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ചെന്നൈ- കൊല്‍ക്കത്ത മത്സരം പുരോഗമിക്കുന്നതിനിടെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ ബോംബ് ഭീഷണി. മാച്ച് പുരോഗമിക്കുന്നതിനിടെയാണ് അസോസിയേഷന്റെ ഒഫീഷ്യല്‍ മെയിലിലേക്കു ഭീഷണി സന്ദേശം എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചെന്നും ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷ കൂട്ടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആദ്യമായി നടക്കുന്ന ഐപിഎല്‍ മത്സരമാണിത്.

അതേസമയം, പഞ്ചാബ്-ഡല്‍ഹി മത്സരത്തിന്റെ വേദിയും മാറ്റിയേക്കുമെന്നാണു വിവരം. വിമാനത്താവളങ്ങളുടെ നിയന്ത്രണത്തെ തുടര്‍ന്നും ഭീഷണികള്‍ ഉയര്‍ന്നതും പരിഗണിച്ചു മേയ് എട്ടിനു നടക്കേണ്ട മത്സരം ധര്‍മശാലയില്‍നിന്നു മാറ്റുകയോ റദ്ദാക്കുകയോ ചെയ്യും. മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്നു മുംബൈയിലേക്കും മാറ്റും. പഞ്ചാബിന്റെ രണ്ടാമത്തെ ഹോംഗ്രൗണ്ടാണ് ധര്‍മശാല. മൂന്നു മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്.

Signature-ad

ബിസിസിഐ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം നടപ്പാക്കുമെന്നാണു വിവരം. പഞ്ചാബ് ധര്‍മശാലയില്‍ ഒരു കളി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേയ് നാലിനു ലക്‌നൗവുമായിട്ടായിരുന്നു മത്സരം. പതിനൊന്നു കളികളില്‍നിന്ന് ഏഴു വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണു പഞ്ചാബ്. പതിനൊന്നു കളികളില്‍നിന്ന് ഡല്‍ഹിക്ക് ആറു വിജയങ്ങളുമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ കാത്തിരുന്ന് കാണേണ്ടിവരുമെന്നാണ് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരത്തേ പറഞ്ഞത്. ‘രണ്ട് ടീമുകള്‍ ഇതിനകം ഇവിടെയുണ്ട്, മേയ് 11 ലെ മത്സരത്തിനായി മുംബൈ ഈ ആഴ്ച അവസാനം എത്തേണ്ടതാണ്. ഏറ്റവും അടുത്തുള്ള സാധ്യത ഡല്‍ഹി വിമാനത്താവളത്തിലെത്താന്‍ ടീമുകള്‍ക്ക് നീണ്ട റോഡ് യാത്ര ആവശ്യമാണ്. ഞങ്ങള്‍ സര്‍ക്കാര്‍ ഉപദേശങ്ങള്‍ പിന്തുടരുകയാണ്, ആവശ്യാനുസരണം തീരുമാനം എടുക്കും’ എന്നും അദ്ദേഹം വിശദീകരിച്ചു.

 

Back to top button
error: