KeralaNEWS

പാര്‍ക്ക് ചെയ്ത ആംബുലന്‍സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; രോഗിയുമായി വന്ന ആംബുലന്‍സ് ബൈക്കുകളില്‍ കൂട്ടിയിടിച്ചു; പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: നടുറോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ച രോഗിയുമായി വന്ന ആംബുലന്‍സ്, ബൈക്കുകളില്‍ ഇടിച്ചു മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പനച്ചമൂട് ജംഗ്ഷനില്‍ നടന്ന സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഒടുവില്‍ പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. വെള്ളറടയില്‍ നിന്ന് രോഗിയുമായി കാരക്കോണം മെഡിക്കല്‍ കോളെജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് എതിര്‍ ദിശയില്‍ നിന്ന് വന്ന രണ്ടംഗസംഘം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു മറിഞ്ഞത്. പനച്ചമൂട്ടില്‍ നടുറോഡില്‍ ആംബുലന്‍സ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നിട്ടും വെള്ളറട പൊലീസോ, ആര്‍ടിഒ അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Signature-ad

റോഡില്‍ കിടന്ന ആംബുലന്‍സില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് രോഗിയുമായി വന്ന ആംബുലന്‍സും ബൈക്കുകളും അപകടത്തില്‍പ്പെട്ടത്. ഏറെ തിരക്കുള്ള പനച്ചമൂട്ടില്‍ പതിവായി റോഡില്‍ പാര്‍ക്ക് ചെയ്യാറുള്ള ആംബുലന്‍സ് വെള്ളറട പഞ്ചായത്ത് ഓഫീസിന് മുന്നിലോ, മാര്‍ക്കറ്റിന് ഉള്ളിലോ, പനച്ചമൂട് പള്ളിക്ക് മുന്നിലോ നിര്‍ത്തണമെന്ന് പലയാവര്‍ത്തി പ്രദേശവാസികള്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും മാറ്റിയില്ല. ഇനിയെങ്കിലും അധികാരികള്‍ ഇടപെട്ട് പതിവായി റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ആംബുലന്‍സ് മാറ്റി സൗകര്യപ്രദമായി എവിടെയെങ്കിലും പാര്‍ക്ക് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: