
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാന്,അഷ്റഫ് ഹംസ എന്നിവര്‍ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഫിലിം ചേംബര്‍. ലഹരിക്കെതിരെ സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. സിനിമയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവര്‍ത്തകരാണെന്നും സജി സന്ത്യാട്ട് ആരോപിച്ചു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്. സിനിമയില്‍ ശുദ്ധീകരണം അനിവാര്യമാണെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും സജി ആവശ്യപ്പെട്ടു.
കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും അറസ്റ്റിലായത്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചയിതാവ് കൂടിയാണ് അഷ്റഫ് ഹംസ.
നടപടിക്കൊരുങ്ങി ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും എതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പ്രതികരിച്ചു. ലഹരിയില്‍ വലുപ്പ ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് സിബി മലയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ മാസം ലഹരിയുമായി പിടികൂടിയ മേക്കപ്പ്മാനെതിരെ നടപടി എടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.