Breaking NewsLead NewsLIFEMovie

‘ഒറ്റക്കൊമ്പന്‍’ വീണ്ടും മലയകയറി; സുരേഷ് ഗോപി ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തുടങ്ങി; പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ തുടര്‍ ചിത്രീകരണം; പഴയ ലുക്കിലേക്ക് താരം വീണ്ടും

തൊടുപുഴ: നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രം ‘ഒറ്റക്കൊമ്പ’ന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഒറ്റക്കൊമ്പന്‍ നിര്‍മ്മിക്കുന്നത്. അറക്കുളം ശ്രീധര്‍മശാസ്താ ക്ഷേത്രങ്കണത്തിലാണ് രണ്ടാം ഷെഡ്യൂളിലെ ആദ്യ ദിന ഷൂട്ടിംഗ് ആരംഭിച്ചത്.

സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണന്‍, വഞ്ചിയൂര്‍ പ്രവീണ്‍, ഗോപന്‍ ഗുരുവായൂര്‍,രാജ് മോഹന്‍ എന്നിവരും നിരവധി ജൂനിയര്‍ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ജനുവരിയില്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റര്‍ ആഘോഷങ്ങളുടെ തിരക്കും കാരണമാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാന്‍ താമസമുണ്ടായത്.

Signature-ad

രണ്ടാം ഷെഡ്യൂള്‍ ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കും. തൊടുപുഴ, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ആണ് രണ്ടാം ഷെഡ്യൂള്‍ ചാര്‍ട്ടു ചെയ്തിരിക്കുന്നത്. മൂന്നാം ഘട്ട ചിത്രീകരണം മലേഷ്യ, മക്കാവു എന്നിവടങ്ങളിലായിരിക്കും എന്നാണു റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചാകും തുടര്‍ന്നുള്ള ഷെഡ്യൂളുകള്‍ ചാര്‍ട്ട് ചെയ്യുക. 2025 പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ചതും എന്നാല്‍ പല കാരണങ്ങളാല്‍ നീണ്ടുപോകുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പന്‍. 2020 ലാണ് ഒറ്റക്കൊമ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകര്‍പ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.

കബീര്‍ ദുഹാന്‍ സിംഗ്, ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റെണി, ബിജു പപ്പന്‍, മേഘ്‌ന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ബോളിവുഡിലെ ഒരു പ്രശസ്ത നടിയായിരിക്കും ഈ ചിത്രത്തിലെ നായിക. വലിയ മുതല്‍മുടക്കില്‍ വലിയ ജനപങ്കാളിത്തത്തോടെ, ഒരു മാസ് ചിത്രമായിട്ടാണ് ‘ഒറ്റക്കൊമ്പന്‍’ അവതരിപ്പിക്കുന്നത്.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നയാളുടെ ജീവിതത്തില്‍നിന്നാണു ഒറ്റക്കൊമ്പന്റെ കഥ ഉരുത്തിരിയുന്നത്. ബിസിനസിലും രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും സാംസ്‌കാരിക രംഗത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്നു കുറുവാച്ചന്‍. അതേപടി പകര്‍ത്തുന്നതിനു പകരം ഇന്നത്തെ സാഹചര്യങ്ങളുമായി കൂട്ടിയിണക്കി കഥയില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്.

പൃഥ്വിരാജ് നായകനായ ‘കടുവയില്‍’ കടുവാക്കുന്നേല്‍ കുര്യാച്ചന്‍ എന്ന വേഷമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ഇതിനെതിരേ ജോസ് കുരുവിനാക്കുന്നേല്‍ എന്നയാള്‍ തന്റെ കഥയാണു സിനിമയാക്കുന്നതെന്നും അപകീര്‍ത്തിക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു പൃഥ്വിരാജിന്റെ സിനിമയിലെ പേരു മാറ്റിയെങ്കിലും രാജ്യാന്തര തലത്തില്‍ പഴയ പേരാണു സിനിമയിലെന്നു ചൂണ്ടിക്കാട്ടി വീണ്ടും പരാതി നല്‍കിയിരുന്നു.

Back to top button
error: