KeralaNEWS

  ‘തുടരും’ എൻ്റെ കഥ: അവർ കോപ്പിയടിച്ചതാണ്, എല്ലാ ഡിജിറ്റൽ തെളിവുകളും തൻ്റെ കയ്യിലുണ്ടെന്ന്  നാടകകൃത്ത് നന്ദകുമാർ

       മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച സിനിമയാണ് തുടരും. തരുൺമൂർത്തി സംവിധാനം ചെയ്ത,  മോഹൻലാൽ നായകനായ ഈ ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുന്നു. എന്നാൽ ചിത്രത്തിനെതിരെ അതിരൂക്ഷമായ ചില വിമർശനങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സിനിമയുടെ കഥ മോഷ്ടിച്ചതാണ് എന്നാണ് ആരോപണം.

തരുൺ മൂർത്തിക്കും ചിത്രത്തിന്റെ എഴുത്തുകാരനും എതിരെ നിയമപരമായ വഴികളിലൂടെ മുന്നോട്ടു പോകും എന്ന് അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നാടകകൃത്തും നാടക ട്രൂപ്പ് ഉടമയുമായ നന്ദകുമാർ. ‘തുടരും’ സിനിമയുടെ കഥ തൻ്റേതാണെന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ രംഗത്ത് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ നിയമപരമായ രീതിയിൽ ഈ ചിത്രത്തിനെതിരെ താൻ മുൻപോട്ട് പോകും എന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. വളരെ വേഗം നന്ദകുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയും ചെയ്തു.  ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

Signature-ad

“തുടരും എന്ന സിനിമയുടെ നിർമ്മാതാവിനും സംവിധായകനും അതിന്റെ എഴുത്തു കാരനായ കെ.ആർ സുനിലിനും അഭിനേതാവ്  മോഹൻലാലിനും എന്റെ വക്കീൽ മുഖേനെ ഉടൻ വക്കീൽ നോട്ടീസ് അയക്കും.

‘തുടരും’ എന്ന സിനിമയുടെ മൂലകഥയും കഥാസന്ദർഭവും ഞാൻ 2000 കാലഘട്ടം മുതൽ എഴുത്ത് തുടങ്ങിയ രാമൻ എന്ന കഥ തന്നെ ആണ് എന്നത് കൃത്യം ആയി ബോധ്യം ആണ്. എന്റെ കയ്യിൽ അതിന്റെ എല്ലാവിധ ഡിജിറ്റൽ തെളിവുകളും ഉണ്ട്. തുടരും സിനിമയുടെ കഥാകൃത്ത് സുനിൽ അവകാശപ്പെടുന്നത് 12 കൊല്ലം മുൻപ് അയാൾ ഒരു പോലീസ് സ്റ്റേഷനിൽ വച്ച് ഒരാളെ കണ്ട് എന്നും അങ്ങനെ ആണ് കഥ തുടങ്ങിയത് എന്നും ആണ്. അതായത് 2013 ൽ.

എന്നാൽ അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് മുതൽ ആണ് ഈ കഥ എഴുതി തുടങ്ങുന്നത്…ചേർത്തലയിൽ എനിക്ക് ഒരു നാടക ട്രൂപ്പ് ഉണ്ടായിരുന്നു: ‘വൈക്കം മാനിഷാദ.’  ഞങ്ങൾ 3 കൊല്ലംഅത് നടത്തി. ആ സമയത്ത് നാടകത്തിനായി ഈ കഥ ഉപയോഗിക്കാം എന്ന് കരുതി എങ്കിലും പിന്നീട് ആ ചിന്ത ഉപേക്ഷിച്ചു. 2016കാലഘട്ടത്തിൽ എനിക്ക് ഒപ്പം അസിസ്റ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച സ്റ്റെബിൻ എന്ന വൈക്കം സ്വദേശി ‘തുടരും’ സിനിമയിൽ ഒരു പാട്ട് സീനിൽ ഉണ്ട്. ഞാൻ ഹരിശ്രീ അശോകനെ വെച്ച് ചെയ്യാൻ അശോകൻ ചേട്ടനോട് കഥ പറഞ്ഞിരുന്നു. അശോകൻ ചേട്ടന്റെ മകൻ അർജുൻ ഈ സിനിമയിൽ ആവശ്യം ഇല്ലാത്ത ഒരു കാമിയോ റോളിൽ അഭിനയിച്ചിട്ടുണ്ട്.

അപ്പോൾ മുതൽ ആണ് എന്റെ സംശയം ബലപ്പെട്ടയത്. പടത്തിൻ്റെ തുടക്കത്തിലുള്ള ലാഗ് സീൻ കഴിഞ്ഞു സിനിമ യഥാർത്ഥ കഥയിലേക്ക് കടക്കുന്ന സമയം മുതൽ ആണ് എന്റെ കഥയും കഥയുടെ സീനുകളും കടന്നു വരുന്നത്. ഞാൻ എഴുതിയ തിരക്കഥ വായിക്കുന്ന ആർക്കും അത് മനസിലാക്കാൻ സാധിക്കും. ജോൺ എന്ന കഥാപാത്രത്തിന് ഞാൻ കൊടുത്ത കഥാപാത്ര രീതികൾ തന്നെ ആണ് ജോർജ് എന്ന കഥാപാത്രത്തിന് നൽകിയത്. രാമേട്ടൻ എന്ന കഥാപാത്രം ആണ് ഷണ്മുഖൻ ആയി മാറുന്നത്.
ബാക്കി അങ്ങോട്ട് എന്റെ കഥയിലെ സീനുകൾ ആണ്. എന്റെ കയ്യിൽ ഞാൻ എഴുതിയ കഥയുടെയും ഞാൻ ആരൊക്കെ ആയി സംസാരിച്ചു എന്ന കാര്യങ്ങളുടെയും ആർക്കൊക്കെ കഥ അയച്ചു നൽകി എന്നതും ഏതൊക്കെ തീയതി ആണ് നൽകിയത് എന്നതും എല്ലാം തെളിവ് ആയി ഉണ്ട്…മോഷണം നടത്തിയ ആൾക്കും മോഷ്ടിക്കാൻ പ്രേരിപ്പിച്ച ആളുകൾക്കും എന്തായാലും കഥയുടെ ഉത്ഭവം അറിയാം എന്നു വിശ്വസിക്കുന്നു. പല തവണ നിർമ്മാതാവ് രഞ്ജിത് സാറിനെ ഫോണിൽ വിളിച്ചു എങ്കിലും എടുത്തില്ല. എന്റെ രാമൻ എന്ന സ്ക്രിപ്റ്റ് ഫെയ്സ്ബുക്ക് വഴി പോസ്റ്റ് ചെയ്താൽ ‘തുടരും’ എന്ന സിനിമക്ക് അത് ക്ഷീണമാകും. മാത്രമല്ല തുടരും  സിനിമയുടെ കഥ ലീക്ക് ആകുകയും ചെയ്യും.

എനിക്ക് അറിയേണ്ടത്, ഇങ്ങനെ ഒരു ചതി ആരാണ് ചെയ്തതെന്നാണ്. പണം ഇല്ലാത്തവൻ ആയതു കൊണ്ട് എന്റെ സ്ക്രിപ്റ്റ് കട്ടെടുത്ത് ആർക്കും നല്ല സിനിമ ഉണ്ടാക്കാം എന്ന അവസ്ഥ ഇനി ആവർത്തിക്കാതിരിക്കാനാണ് ഞാൻ നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചത്. ആര് ആരെയാണ് തെറ്റിദ്ധരിപ്പിച്ച് സ്ക്രിപ്റ്റ് കട്ടെടുത്ത് പേരും പ്രശസ്തിയും ഉണ്ടാക്കിയത് എന്നും അറിയണം. ബാല എന്ന നടന് ഞാൻ കൊടുത്ത, പിന്നീട് ഹരിശ്രീ അശോകനു കൊടുത്ത അതേ കഥ തന്നെ ആണ് തുടരും എന്ന സിനിമയായി വന്നിരിക്കുന്നത്. സംഭാഷണങ്ങൾ മാറിയാലും കഥ സന്ദർഭവും വർത്തമാന അർത്ഥങ്ങളിലും മാറ്റങ്ങൾ ഇല്ല…എല്ലാം രാമനിൽ ഉള്ളത് ആണ്…സത്യം തെളിയട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: