
കോഴിക്കോട്: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 26) ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സതേണ്‍ റെയില്‍വേ. തിരുവനന്തപുരം ഡിവിഷന് കീഴില്‍ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പര്‍ 174ന്റെ ഗാര്‍ഡര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം. കൊല്ലം-എറണാകുളം മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി.
തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാര്‍, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്‌സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.

26ന് വൈകീട്ട് പുറപ്പെടുന്ന തിരുവനന്തപുരം – ബെംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നതിനാല്‍ ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകള്‍ ഒഴിവാക്കുകയും പകരം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മലബാര്‍ എക്സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകള്‍ ഒഴിവാക്കിയപ്പോള്‍ പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മംഗളൂരു എക്സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്റ്റോപ്പുകള്‍ ഒഴിവാക്കിയപ്പോള്‍ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പകരം സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ 26ന് വൈകീട്ടത്തെ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്റ്റോപ്പുകള്‍ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.
ഇവയ്ക്ക് പുറമെ ഗുരുവായൂര്‍- മധുര എക്സ്പ്രസ്, മധുര – ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക.