CrimeNEWS

ഷൈന്റെ മുറിയില്‍ എത്തിയ മൂന്നുപേരില്‍ യുവതിയും; രാവിലെ എത്തിയ തൃശൂര്‍ സ്വദേശിനി മടങ്ങിയത് രാത്രിയോടെ

കൊച്ചി: ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് ടീമിനെ വെട്ടിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ഓടിരക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്ന് പൊലീസിന്റെ എഫ്.ഐ.ആര്‍. ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുന്നു എന്ന് വിചാരിച്ചാണ് ഓടിയതെന്ന നടന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് നടന്‍ ഹോട്ടലിലെത്തിയത്. ഇതിന് പിന്നാലെ തൃശൂര്‍ സ്വദേശിനിയായ ഒരു യുവതിയും മുറിയിലെത്തി. രാത്രി ഏഴുമണി വരെ യുവതി ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് ശേഷം രണ്ടുപേര്‍ കൂടി മുറിയില്‍ വന്നുപോയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ മലപ്പുറം സ്വദേശി അഹമ്മദ് ഷാ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെയാണ് കേസില്‍ രണ്ടാംപ്രതിയാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലേക്കാണ് കടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

Signature-ad

നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഷൈനിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരി കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോയുടെ മുടി, നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: