
കോട്ടയത്ത് പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കണ്ണമ്പുരക്കടവിലാണ് സംഭവം. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വന്ന ജിസ്മോൾ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു.
കോട്ടയം അയർക്കുന്നം റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

കുട്ടികൾക്ക് വീട്ടിൽ വെച്ച് വിഷം നൽകിയ ശേഷം ജിസ്മോൾ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറിൽ കയറി കടവിൽ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ.
സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്‌മോൾ, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. പുഴയിൽ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്. ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ജിസ്മോളുടെ ഭർത്താവിൽ നിന്നും മാതാപിതാക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. സംഭവത്തിൽ ഇതുവരേയും വ്യക്തത കൈവന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൻ്റെ ഞെട്ടലാണ്.