Breaking NewsIndiaNEWS

അവിടെ നടന്നത് പീഡനമല്ല, ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തി, സംഭവിച്ചതിനു അവർക്കൂടി ഉത്തരവാദി!! അലഹബാദ് ഹൈക്കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ഡൽഹി: ബലാത്സംഗകേസുകളിൽ ഇരയെ അധിക്ഷേപിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരു കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു.

ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവർ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏതാനും നാളുകൾക്കു മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ഉത്തരവിനെതിരായ സുവോമോട്ടോ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമർശനം.

Signature-ad

2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു. സെപ്റ്റംബർ 21-ന് യുവതിയും സുഹൃത്തുക്കളും പുറത്തുപോയി പുലർച്ചെ 3 മണിവരെ മദ്യപിച്ചു. മദ്യലഹരിയിൽ തിരികെ വീട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടായതിനാൽ യുവതി തന്നെ പ്രതിയുടെ വീട്ടിലേക്ക് പോകാൻ സമ്മതിക്കുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് പോകുന്നതിനു പകരം പ്രതി യുവതിയുമായി ബന്ധുവിന്റെ ഫ്‌ളാറ്റിലേക്കാണ് പോയത്. അവിടെവെച്ച് തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എന്നാൽ ഇരയുടെ ആരോപണം തെറ്റാണെന്നും തെളിവുകളുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു. ഇനി ഇരയുടെ ആരോപണം ശരിയാണെങ്കിലും അവർ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്ന് കോടതി പറഞ്ഞു.

മാർച്ച് 17-ന് പുറപ്പെടുവിച്ച ഉത്തരവിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര മാറിടത്തിൽ സ്പർശിക്കുന്നതും പെൺകുട്ടികളുടെ പൈജാമയുടെ ചരട് വലിച്ച് പൊട്ടിക്കുന്നതും ബലാത്സംഗമോ, ബലാത്സംഗശ്രമമോ ആയി കണക്കാക്കില്ലെന്നാണ് വിധിച്ചത്. ഇത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെങ്കിലും കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കുകയുളളുവെന്നും ജഡ്ജി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: