അദാനിയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടില്‍നിന്ന് സ്വകാര്യ ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാന്‍ നീക്കം; ഉടക്കുമായി ശതകോടീശ്വരന്‍മാര്‍; ഫീസ് കൂട്ടാന്‍ നീക്കമെന്ന് ആരോപണം; നവി മുംബൈയില്‍ നല്‍കേണ്ടത് പ്രതിവര്‍ഷം 20 കോടി; ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്കും ഉയരും

മുംബൈ: അദാനിയുടെ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍നിന്ന് ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിനു പിന്നാലെ ഉടക്കുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍. എസ്സാര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, ടാജ് ഗ്രൂപ്പ് എന്നിവരാണ് പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിമാനങ്ങള്‍ പുതുതായി തുറക്കാന്‍ പോകുന്ന അദാനിയുടെ നിയന്ത്രണത്തില്‍തന്നെയുള്ള നവി മുംബൈ എയര്‍പോര്‍ട്ടിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിസിനസ് ഗ്രൂപ്പില്‍നിന്നുള്ളവര്‍ ആരോപിക്കുന്നു.
അദാനിയുടെ നീക്കത്തിനു തീപകര്‍ന്ന്, പാര്‍ക്കിംഗ് ചാര്‍ജ് ആയി 20 കോടിരൂപയും അധിക വാര്‍ഷിക ഫീസും ഏര്‍പ്പെടുത്താന്‍ നവി മുംബൈ വിമാനത്താവള അധികൃതര്‍ തീരുമാനിച്ചതും വിവാദമായി. ഇത്തരം ചാര്‍ജുകള്‍ അനധികൃതമാണെന്നും താരിഫ് റെഗുലേറ്ററി അഥോറിട്ടിക്കു മാത്രമാണു തുക തീരുമാനിക്കാന്‍ അധികാരമെന്നും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്കും ഈ നീക്കം തിരിച്ചടിയാകും.

ബിസിനസുകാര്‍ ഓള്‍ഡ് മുംബൈ വിമാനത്താവളത്തെ ആശ്രയിക്കാന്‍ ഇതിടയാക്കുമെന്നും ആഡംബര മേഖലയായി പറയുന്ന ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഓപ്പറേറ്റര്‍മാര്‍ക്കു ഓള്‍ഡ് മുംബൈ വിമാനത്താവളത്തിലേക്കു പറന്നതിനുശേഷം പാര്‍ക്ക് ചെയ്യാനായി നവി മുംബൈയില്‍ എത്തേണ്ടി വരും. ചെലവില്‍ 30 ശതമാനംവരെ ഇതു വര്‍ധനയുണ്ടാക്കും. ഇന്ധന ചെലവിനൊപ്പം രണ്ട് വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഫീസും അധികമായി വരും.
റീലൊക്കേഷന്‍ അനിവാര്യമാണെന്നും ഛത്രപതി വിമാനത്താവളത്തിന്റെ വികസനത്തിനും സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഇതല്ലാതെ മാര്‍ഗമില്ലെന്നുമാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ് അധികൃതരുടെ വിശദീകരണം. വിപണിയുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള നിരക്കാണ് ഈടാക്കുന്നതെന്നും പരസ്യമായ ലേലത്തിലൂടെയാണ് ഇതു തീരുമാനിക്കുന്നതെന്നും വിശദീകരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററാണ് അദാനി. എട്ട് വിമാനത്താവളങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയിലെ 25 ശതമാനം യാത്രക്കാരും ഈവഴിയാണു കടന്നുപോകുന്നത്. അതായത് നാലിലൊന്നു യാത്രക്കാര്‍ ഉപയോഗിക്കുന്നു എന്നര്‍ഥം. കഴിഞ്ഞ മാര്‍ച്ച് 30ന് ആണ് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ടെര്‍മിനേഷന്‍ ലെറ്ററുകള്‍ വിവിധ ബിസിനസ് മേധാവികള്‍ക്കു നല്‍കിയത്. ജൂലൈ 31 നു മുമ്പ് പാര്‍ക്കിംഗ് ഒഴിയണമെന്നാണു നിര്‍ദേശം. വിമാനങ്ങള്‍ക്കുള്ള ടാക്‌സിവേ നിര്‍മിക്കാന്‍ വേണ്ടിയാണിതെന്നും വിശദീകരിക്കുന്നു. വിമാനത്താവളത്തിന്റെ വികസനത്തിനും സമാന്തരമായ ടാക്‌സി വേകള്‍ നിര്‍മിക്കാന്‍ അത്യാവശ്യമാണെന്നും അഥോറിറ്റി വിശദീകരിക്കുന്നു.
എന്നാല്‍, ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമാനുസൃതമായ പാര്‍ക്കിംഗ് ഫീസ് നല്‍കിയാണു വിമാനങ്ങള്‍ നിര്‍ത്തിയിടുന്നതെന്നും ബിസിനസ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റേഴ്‌സ് അസോസിയേകന്‍ (ബിഎഒഎ) പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി താരിഫ് റഗുലേറ്റര്‍മാര്‍കകും എയര്‍പോര്‍ക്ക് ഇക്കണോമിക് റഗുലേറ്ററി അഥോറിട്ടിക്കും കത്തുനല്‍കി. താല്‍ക്കാലികമായോ സ്ഥിരമായോ സ്ഥാനമാറ്റം ആവശ്യപ്പെടുമ്പോള്‍ അത് അധിക തുക ചെലവാകുന്ന തരത്തില്‍ ആകരുത്. ഇത്തരം ശ്രമങ്ങളുണ്ടായാല്‍ നിയമപരമായി നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
എയര്‍പോര്‍ട്ട്‌സ് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ നിയമം അനുസരിച്ച് ലാന്‍ഡിംഗും പാര്‍ക്കിംഗും എയറോനോട്ടിക്കല്‍ സര്‍വീസിന്റെ ഭാഗമാണെന്നും റെഗുലേറ്ററി അഥോറിട്ടിയുടെ നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കുന്നുണ്ട്. പുതിയ വിമാനത്താവളത്തില്‍ 20 കോടി പാര്‍ക്കിംഗ് ഫീസ് ഈടാക്കാനുള്ള നീക്കം പഴയ എയര്‍പോര്‍ട്ട് നിരക്കിനെ അപേക്ഷിച്ചു കുത്തനെയുള്ള വര്‍ധനയാണ്. 9500 കിലോ ഭാരമുള്ള ദസാള്‍ട്ട് ഫാല്‍ക്കണ്‍-2000 പോലുള്ള ജെറ്റുകള്‍ക്കു നിലവില്‍ രണ്ടര മണിക്കൂറിന് 106 രൂപയെന്നതാണു നിരക്ക്. എയര്‍പോര്‍ട്ടില്‍ രാത്രിയില്‍ 24 ഫ്‌ളൈറ്റുകള്‍ക്ക് ഈ നിരക്കില്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മുംബൈയില്‍ ബിസിനസ് ആസ്ഥാനമുള്ള കമ്പനികള്‍ക്കാണ് ഇതില്‍ മുന്‍ഗണന. എന്നാല്‍, നവി മുംബൈ എയര്‍പോര്‍ട്ടിലെ കണക്കനുസരിച്ച് പത്തുവര്‍ഷത്തേക്ക് 200 കോടിരൂപ നല്‍കണം. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 100 കോടിയും കെട്ടിവയ്ക്കണം.