ഹൈദരാബാദിന് ജയിക്കാന്‍ റണ്‍മല കയറണം: പഞ്ചാബിനായി വന്നവരെല്ലാം അടിയോടടി; ശ്രേയസ് അയ്യര്‍ അടിച്ചത് ആറു സിക്‌സും ആറു ഫോറും

ഹൈദരാബാദ്: തുടര്‍ തോല്‍വിയില്‍ നിന്നു രക്ഷപ്പെടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 246 റണ്‍സ് താണ്ടണം. ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് എവേ പോരാട്ടത്തില്‍ അടിച്ചെടുത്തത് 6 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ്. ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മുന്‍നിര ബാറ്റര്‍മാര്‍ വമ്പനടികളുമായി കളം വാണതോടെ പഞ്ചാബ് സ്‌കോര്‍ റോക്കറ്റ് പോലെ കുതിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. ശ്രേയസ് ആറ് വീതം സിക്‌സും ഫോറും സഹിതം 36 പന്തില്‍ അടിച്ചെടുത്തത് 82 റണ്‍സ്. പ്രിയാംശ് ആര്യ വെറും 13 പന്തില്‍ അടിച്ചത് 36 റണ്‍സ്. 4 സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു വെടിക്കെട്ട്. സഹ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 23 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് കണ്ടെത്തി.

വാലറ്റത്ത് മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ കടന്നാക്രമണമാണ് സ്‌കോര്‍ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. താരം 11 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്തു. താരം 4 സിക്‌സും ഒരു ഫോറും തൂക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ധാരാളി ബൗളര്‍മാരുടെ പട്ടികയിലേക്ക് മുഹമ്മദ് ഷമി എത്തി. ജോഫ്ര ആര്‍ച്ചര്‍ 4 ഓവറില്‍ 76 റണ്‍സ് വഴങ്ങി ഒന്നാമത് നില്‍ക്കുന്ന പട്ടികയിലേക്ക് രണ്ടാമനായി ഷമി കയറി. താരം ഇന്ന് വഴങ്ങിയത് 4 ഓവറില്‍ 75 റണ്‍സ്. ഷമിയുടെ പന്തില്‍ പഞ്ചാബ് ബാറ്റര്‍മാര്‍ അടിച്ചത് 7 സിക്‌സുകള്‍. ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ട ഇഷന്‍ മലിംഗ രണ്ട് വിക്കറ്റ് സ്വന്തമാക്കി.