കള്ളനും പോലീസും കളി വീണ്ടും; ആദ്യ സംരംഭം ഗംഭീരമാക്കി കലൂര്‍ ഡെന്നിസിന്റെ മകന്‍; ഓണ്‍ലൈന്‍ ഗെയിമുകളുടെ വിശാല പശ്ചാത്തലം ഒരുക്കി മമ്മൂട്ടിയുടെ ബസൂക്ക; റിവ്യൂ

അവധിക്കാലമല്ലേ, കുട്ടികള്‍ കള്ളനും പോലീസും കളിക്കുന്ന കാലം. കുട്ടികള്‍ക്കൊപ്പം മമ്മൂട്ടിയും കൂട്ടരും കള്ളനും പോലീസും കളിക്കാന്‍ എത്തിയിരിക്കുന്നു. ബസുക്കയുമായി. വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടി ടീമിന്റെ കളിക്കളം എന്ന സിനിമയില്‍ മുന്‍കൂട്ടി സൂചനകള്‍ നല്‍കി മോഷണം നടത്തി പോലീസിനെ വെട്ടിലാക്കുന്ന കള്ളന്റെ കഥ പറയുന്നുണ്ട്. ഏതാണ്ട് അതേ പാറ്റേണിലാണ് ബസുക്കയും മുന്നോട്ടുപോകുന്നത്.
കളിക്കളത്തില്‍ കള്ളന്‍ ആരാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം, പക്ഷേ ബസൂക്കയില്‍ കള്ളന്‍ അജ്ഞാതനാണ്. ആ കള്ളനെ തേടിയുള്ള മമ്മൂട്ടിയുടെയും കൂട്ടരുടെയും യാത്രയാണ് ബസൂക്ക.പുതിയ സംവിധായകരോട് മമ്മൂട്ടി എന്നാല്‍ നടന്‍ എന്തുകൊണ്ട് താല്പര്യം കാണിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണു സിനിമ.

സ്ഥിരം പറഞ്ഞു പഴകിയ കഥയാണെങ്കില്‍ പോലും പുതിയ സംവിധായകര്‍ ആ സിനിമയെ പ്ലെയ്‌സ് ചെയ്യുന്നതിലെ പുതുമ – അതു തന്നെയാണ് ബസൂക്കാ എന്ന സിനിമയിലേക്ക് മമ്മൂട്ടി എന്ന നടനെയും താരത്തെയും ആകര്‍ഷിച്ചിട്ടുണ്ടാവുക.
കൊച്ചി നഗരത്തില്‍ നടക്കുന്ന വ്യത്യസ്തമായ മൂന്നു മോഷണങ്ങള്‍. പോലീസ് സംഘത്തിന് മുന്‍കൂട്ടി സൂചനകള്‍ നല്‍കി നടത്തുന്ന ഈ കവര്‍ച്ചകള്‍ തടയാനോ കുറ്റവാളികളെ കണ്ടെത്താനോ പോലീസിന് സാധിക്കുന്നില്ല. തുടര്‍ന്ന് കൊച്ചി പോലീസ് മേധാവി ബെഞ്ചമിന്‍ ജോഷ്വാ എന്ന ഗൗതം മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം സുഹൃത്തും ഫോറന്‍സിക് വിദഗ്ധനുമായ ജോണ്‍ സീസറിനെ – മമ്മൂട്ടിയെ – സഹായത്തിനായി കൊച്ചിയിലേക്ക് വിളിച്ചു വരുത്തുന്നതാണ് കഥയുടെ തുടക്കം.
മലയാള സിനിമയില്‍ പറഞ്ഞിട്ടില്ലാത്ത ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ വിശാലമായ പശ്ചാത്തലത്തിലാണ് ബസൂക്കയുടെ അടരുകള്‍ പ്രേക്ഷകനു മുന്നില്‍ വെളിപ്പെടുന്നത്. പലര്‍ക്കും അത്രയൊന്നും അറിയാത്ത ഓണ്‍ലൈന്‍ ഗെയിമിന്റെ ഡീറ്റൈലിംഗ് സാധാരണ പ്രേക്ഷകനെ എത്രമാത്രം മനസ്സിലാക്കാന്‍ കഴിയും എന്നത് ഒരു പോരായ്മ തന്നെയാണ്.
മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌കര്‍ എന്ന സിനിമ ബാങ്കിംഗ്, ഷെയര്‍ ട്രേഡിങ് ബിസിനസുമായി ബന്ധപ്പെട്ട കഥ പറഞ്ഞപ്പോള്‍ പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായ പോലെ ബസുക്ക ഓണ്‍ലൈന്‍ ഗെയിമുകളെ കുറിച്ച് ഒട്ടും ധാരണ ഇല്ലാത്തവര്‍ക്ക് ലാഗ് പോലെ തോന്നിയേക്കാം. പരമാവധി ലളിതമാക്കി പറഞ്ഞുതരാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും..
ഒരു കളി എന്ന നിലയില്‍ കുട്ടികള്‍ ആസ്വദിക്കുന്ന കള്ളനും പോലീസും ഒട്ടും കളിയല്ലാതെ വളരെ സീരിയസ് ആയി പോലീസിനെ വട്ടം കറക്കുന്ന ഒന്നായി മാറുകയാണ് സിനിമയില്‍. പലപ്പോഴും ഒരു ഓണ്‍ലൈന്‍ ഗെയിമിന്റെ സ്പീഡ് പോലുമില്ലാതെ ഇഴഞ്ഞു നീങ്ങുന്ന പാറ്റേണിലാണ് സംവിധായകന്‍ ബസുക്ക ഒരുക്കിയിട്ടുള്ളത്.
സിനിമയില്‍ ഏറെനേരം കഥ നടക്കുന്നതും കഥ പറയുന്നതുമായ പശ്ചാത്തലം ഒരു സ്‌കാനിയ ബസ് ആണ്. ചാട്ടമോ കുലുക്കുമോ അറിയാതെ വളരെ സ്മൂത്തായി എങ്ങനെയാണോ സ്‌കാനിയ മുന്നോട്ടു നീങ്ങുന്നത് അതുപോലെയാണ് പലപ്പോഴും ബസൂക്കയുടെ മുന്നോട്ടുള്ള പ്രയാണം. എന്നാല്‍ അതോടൊപ്പം മമ്മൂട്ടിയുടെ ആരാധകര്‍ക്ക് കയ്യടിക്കാന്‍ പാകത്തിലുള്ള ഡയലോഗും ഫൈറ്റുമൊക്കെ ബസുക്കയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ അപ്പോഴും ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ പഞ്ച് ചിത്രത്തിലെവിടേയും കിട്ടുന്നില്ല. അതുതന്നെയാണ് പ്രേക്ഷകര്‍ക്ക് ചിത്രം ലാഗായി തോന്നാനുള്ള കാരണവും.
വരാന്‍ പോകുന്ന കഥാഗതി പ്രേക്ഷകര്‍ക്ക് പെട്ടന്ന് മനസിലാക്കാനാകാമെന്നതും ബസൂക്കയുടെ പോരായ്മകളിലൊന്നാണ്. എന്നാല്‍ ആ പോരായ്മയെ അതിജീവിക്കാന്‍ ക്ലൈമാക്‌സിനു മുന്‍പുള്ള ഇരുപത് മിനുറ്റ് നേരം ധാരാളമായി. അതുവരെ കണ്ട ബസൂക്കയല്ല അവസാന ഇരുപത് മിനുറ്റ്. ആദ്യം കണ്ടതെല്ലാം വിസ്മൃതിയിലാണ്ടുപോകുന്ന അവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട് ചിത്രത്തിന്റെ ക്ലൈമാക്‌സ്. കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രം ക്ലൈമാക്‌സ് കൊണ്ട് പിടിച്ചുനിന്ന പോലെ ബസൂക്കയും പിടിച്ചു നില്‍ക്കുകയാണെങ്കില്‍ അത് ക്ലൈമാക്‌സ് കൊണ്ടായിരിക്കും.
അസുഖവാര്‍ത്തയും ട്രീറ്റ്‌മെന്റിന്റെ കാര്യങ്ങളുമൊക്കെ പുറത്തുവന്ന ശേഷം തീയറ്ററിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ഒരസുഖവും പുറത്തുകാണിക്കാതെ ഈ പ്രായത്തിലും ഈ നടന്‍ കാഴ്ചവെക്കുന്ന രസകരമായ പ്രകടനം തന്നെയാണ് ബസൂക്കയുടെ ഹൈലൈറ്റ്. വ്യത്യസ്ത സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തിലൂടനീളം മമ്മൂട്ടി. ആക്ഷന്‍ രംഗങ്ങളില്‍ ആരാധകരെക്കൊണ്ട് കൈയടിപ്പിക്കാന്‍ സാധിക്കുന്നുണ്ട് താരത്തിന്.
കള്ളന്റെ പിന്നാലെ പോലീസ് ഓടുന്നത് എത്രയോ സിനിമകളില്‍ ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായ സിനിമയൊന്നുമല്ല ബസൂക്ക. എന്നാല്‍ കഥ പറയാനെടുത്ത പശ്ചാത്തലം, അതിന്റെ പുതുമ, കഥ മുന്നോട്ടുപോകുന്ന രീതി എന്നിവയെല്ലാം കൗതുകമുള്ളതാണ്. കളികളിലൂടെ കാര്യത്തിലേക്കു കടക്കുന്ന സിനിമ പക്ഷെ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പോന്നതല്ലെന്നതാണ് യാഥാര്‍ഥ്യം. വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടമാകും.
സാങ്കേതികപരമായി ഒട്ടും മോശമല്ലാത്ത രീതിയല്‍ തന്നെ ചിത്രം ഒരുക്കിയിട്ടുണ്ട്. പുതിയ സംവിധായകന്റെ പരിഭ്രമങ്ങളില്ലാതെ കലൂര്‍ ഡെന്നീസിന്റെ മകന്‍ തന്റെ ആദ്യസംരംഭം ഭംഗിയാക്കിയിട്ടുണ്ട്. കേരള പോലീസ് ഗംഭീരമാണെന്ന് ഇടക്കിടെ ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ കേരള പോലീസിനെ ഒന്നുമല്ലെന്ന് കാണിക്കുന്ന ഒരു അപാകത കൂടി ഫീല്‍ ചെയ്യുന്ന ട്രീറ്റ്‌മെന്റാണ് സിനിമയില്‍ കാണിച്ചിട്ടുള്ളത്. കേരള പോലീസ് അത്ര മോശം പോലീസൊന്നുമല്ല ദാസാ എന്നു കൂടി ബസൂക്ക ടീമിനെ ഓര്‍മിപ്പിക്കട്ടെ..