Breaking NewsCrimeKeralaLead NewsNEWS

ഹൈബ്രിഡ് കഞ്ചാവ് കടത്തുകേസ്; മൊഴികള്‍ നിര്‍ണായകം: നടന്‍മാരെ ചോദ്യം ചെയ്യാന്‍ എക്‌സൈസ്; പ്രതികള്‍ ലഹരി കടത്തിയത് കുടുംബ സമേതം; പാവത്താന്‍ ചമഞ്ഞു മുങ്ങിയ ഭര്‍ത്താവിന് രാജ്യാന്തര മയക്കുമരുന്ന് ബന്ധം

ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്കു രാജ്യാന്തര സ്വര്‍ണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്തുനഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയില്‍ (43) നിന്നാണു സുപ്രധാന വിവരങ്ങള്‍ എക്‌സൈസിനു ലഭിച്ചത്. അക്ബര്‍ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വര്‍ണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്.

മൂന്നു വര്‍ഷത്തോളമായി അക്ബര്‍ അലിയും സംഘവും കഞ്ചാവും സ്വര്‍ണവും കടത്തിയിരുന്നെന്ന് എക്‌സൈസ് പറയുന്നു. പരിശോധനകള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഓമനപ്പുഴ മാരാരി ഗാര്‍ഡനില്‍ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന-43), സഹായി കെ.ഫിറോസ് (26) എന്നിവര്‍ പിടിയിലാകുമ്പോള്‍ തൊട്ടടുത്തുവരെ കാറില്‍ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തില്‍ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ സൂത്രധാരനെന്നു കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

Signature-ad

തസ്ലിമയും ഫിറോസുമാണു കേസിലെ ഒന്നും രണ്ടും പ്രതികള്‍. മൂന്നാം പ്രതിയാണ് അക്ബര്‍ അലി. അക്ബര്‍ അലിയുടെ വിദേശ യാത്രകളെക്കുറിച്ച് അന്വേഷിക്കുമെന്നും ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ്.വിനോദ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്.അശോക് കുമാര്‍, സ്‌പെഷല്‍ സ്‌ക്വാഡ് സിഐ എം.മഹേഷ് എന്നിവര്‍ പറഞ്ഞു. ജില്ലയിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയ ശേഷം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഹൈബ്രിഡ് കഞ്ചാവ് കടത്തു സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ നടന്‍മാരെയും പ്രതിചേര്‍ക്കുമെന്ന് എക്‌സൈസ്. പിടിയിലായ മൂന്നു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ചാറ്റുകളില്‍ നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. തുടര്‍ന്നാകും നടന്‍മാരുടെ മൊഴി രേഖപ്പെടുത്തുക. പ്രതികളെന്നു ബോധ്യപ്പെട്ടാല്‍ നടന്‍മാരെ അറസ്റ്റ് ചെയ്യുമെന്നും എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എസ്.അശോക് കുമാര്‍ പറഞ്ഞു.

സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്‌സൈസിനോട് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയുമായി പിടിയിലായത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തസ്ലീമ. വാട്‌സാപ്പ് സന്ദേശങ്ങളും സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ നമ്പറുകളും വാട്‌സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി.

ആലപ്പുഴയില്‍ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ തസ്ലിമ സുല്‍ത്താനയ്ക്ക് കേരളത്തിനും തമിഴ്‌നാടിനും പുറമെ കര്‍ണാടകയിലും ലഹരി വില്പനയുണ്ടെന്ന് എക്‌സൈസ്. തസ്ലിമയുടെ കര്‍ണാടക തമിഴ്‌നാട് അഡ്രസ്സില്‍ ഉള്ള വ്യാജ ആധാര്‍ കാര്‍ഡും , ഡ്രൈവിംഗ് ലൈസന്‍സും പുറത്തുവന്നു. മഹിമ മധു എന്നപേരില്‍ ആണ് കര്‍ണ്ണാടകയില്‍ ഇവര്‍ അറിയപ്പെടുന്നത്. ഏറണാകുളത്തുനിന്ന് കാര്‍ എടുക്കാന്‍ സഹായിച്ച ആളുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്

ജനിച്ചു വളര്‍ന്ന കണ്ണൂരില്‍ തസ്ലിമ, ചെന്നൈയില്‍ തസ്ലിമ സുല്‍ത്താന്‍ , സിനിമാലോകത്തും മട്ടാഞ്ചേരിയിലെ ലഹരി ഗുണ്ടാ മാഫിയകള്‍ക്കിടയിലും ക്രിസ്റ്റീന, ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം പ്രതിയുടെ കര്‍ണാടകയിലെ പേര് മഹിമ മധു. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരി വലയിലെ പ്രധാന കണ്ണിയാണ് തസ്ലിമ സുല്‍ത്താന. വിവിധ നാടുകളില്‍ വിവിധ ഭാഷ സംസാരിക്കുന്ന, എല്ലാ ഇടങ്ങളിലും വ്യാജ ആധാര്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും ഉള്‍പ്പടെയുള്ള വേണമെങ്കില്‍ ആളുകളെ കായികമായി തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഗുണ്ടാ പശ്ചാത്തലമുള്ള ഡ്രഗ് ഡീലര്‍.

ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിക്കാണ് എറണാകുളത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവുമായി റെന്റ് എ കാറില്‍ ആലപ്പുഴയിലേക്ക് ഇവര്‍ വരുന്നത്. കാര്‍ വാടകയ്ക്ക് എടുക്കുന്ന സ്ഥാപനത്തില്‍ അനീഷ് കൃഷ്ണ എന്നയാള്‍ തസ്ലിമയെ പരിചയപ്പെടുത്തിയത് കര്‍ണാടക സ്വദേശിനി മഹിമ മധു ആയാണ് . നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ ആകട്ടെ കര്‍ണാടകയിലെ ഡ്രൈവിംഗ് ലൈസന്‍സും , ആധാര്‍ കാര്‍ഡും. ഇതിലെ വിലാസം ഉഡുപ്പിയിലേതാണ്. തമിഴ്‌നാട്ടിലെ മറ്റൊരു വിലാസത്തിലും തിരിച്ചറിയല്‍ രേഖയുണ്ട്.

എറണാകുളം മട്ടാഞ്ചേരിയിലെ ഗുണ്ടാ ലഹരി സംഘങ്ങള്‍ക്ക് ക്രിസ്റ്റീന എന്ന പേര് സുപരിചിതമാണ് . ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ 3 ദിവസം മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ കാവല്‍ക്കരിയും മുഖ്യ പ്രതികളില്‍ ഒരാളും. അങ്ങനെ നീളുന്നു ക്രിസ്റ്റീന റെസിഡന്‍സി കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ കഥകളുടെ പശ്ചാത്തലം. ലഹരിക്കാര്‍ക്കിടയില്‍ പുഷ് എന്നും , ബുഷ് എന്നും അറിയപ്പെടുന്ന കഞ്ചാവ് 6 കിലോ ലഭ്യമായിട്ടുണ്ടെന്നാണ് തസ്ലിമയുടെ ചാറ്റുകളില്‍ നിന്ന് ലഭ്യമായ വിവരം . ആലപ്പുഴയിലേക്ക് എത്തുമ്പോള്‍ ടുറിസം കേന്ദ്രങ്ങള്‍ തന്നെ ആയിരുന്നു ലക്ഷ്യം. പ്രധാനമായും കായല്‍ ടുറിസവും ഹൗസ് ബോട്ടുകളുമാണ് ലക്ഷം വച്ചത്. ചോദ്യം ചെയ്യലിനോട് അധികം സഹകരിക്കതിരുന്ന തസ്ലിമയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസിന് തേടേണ്ടതായുണ്ട്. ഫോണ്‍ രേഖകള്‍ വിദഗ്ത പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതല്‍ വലിയ സ്രാവുകള്‍ സ്വര്‍ണത്തേക്കാള്‍ വിലയുള്ള കഞ്ചാവ് വില്‍പ്പനയുടെ കേസില്‍ കണ്ണി ചേര്‍ക്കപ്പെടുമെന്നു ഉറപ്പാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: