സുരേഷ് ഗോപിയുടെ കമ്മീഷണര്‍ തൊപ്പി എവിടെ? ഗണേഷ് കുമാറിന്റെ പരിഹാസത്തിന് മറ്റൊരു ട്വിസ്റ്റ്; ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തിന് ഇരയായ ഷെഫീഖിന്റെ പക്കല്‍; മന്ത്രി നല്‍കിയത് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം

ഇടുക്കി: കമ്മീഷണര്‍ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ കാറിന്റെ പിന്നില്‍ തൊപ്പിയൂരി വച്ചയാളാണു സുരേഷ് ഗോപിയെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ സുരേഷ് ഗോപിക്ക് അല്‍പം ക്ഷീണമായി.
എന്നാല്‍, തൊപ്പിയുടെ അവസ്ഥയെന്തെന്നു ചികഞ്ഞുനോക്കിയവര്‍ക്കു ലഭിച്ചത് മറ്റൊരു കഥ. അതും സുരേഷ് ഗോപി പറഞ്ഞതുതന്നെ. ‘കമ്മിഷണര്‍ തൊപ്പി’ സുരേഷ് ഗോപി നല്‍കിയത് ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപി കാണാനെത്തിയതും തൊപ്പി നല്‍കിയതും. പിറന്നാളിനു സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റെ ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകള്‍ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയില്‍ എത്തിയത്.

ഗണേഷ് കുമാറിന്റെ തൊപ്പി പരാമര്‍ശത്തിനു പിന്നാലെ സൈബറിടത്ത് സുരേഷ് ഗോപി ഷെഫീഖിന് തൊപ്പി കൊടുത്ത കാര്യം പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ”എന്റെ കയ്യില്‍ ഇപ്പോള്‍ ആ തൊപ്പിയില്ല. തൊടുപുഴയില്‍ രണ്ടാനമ്മയും അച്ഛനും ക്രൂരമര്‍ദനത്തിന് ഇരയാക്കിയ ആ കുഞ്ഞിന് കൊടുത്തു” സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുന്‍ അനുഭവം വെളിപ്പെടുത്തി ആയിരുന്നു ഗണേഷ് കുമാര്‍ ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. ”കമ്മിഷണര്‍ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിനു പിന്നില്‍ എസ്പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നല്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറെക്കാലം എസ്പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നില്‍ വച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ” എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം.