Breaking NewsBusinessKeralaLead NewsLIFELife StyleNEWSTRENDING

കാര്‍ മുതല്‍ വാട്ടര്‍ മെട്രോയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വരെ ബുക്ക് ചെയ്യാം; കിടിലനായി ‘കേരള സവാരി’ തിരിച്ചെത്തുന്നു; ഊബറിനേക്കാള്‍ നിരക്ക് കുറവ്; തുക മുഴുവന്‍ ഡ്രൈവര്‍മാര്‍ക്ക്; നടപ്പാകുക ചെന്നൈ മുതല്‍ ഡല്‍ഹിവരെയുള്ള എല്ലാ നഗരങ്ങളിലും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ കേരള സവാരി സൂപ്പര്‍ സ്മാര്‍ട്ടായി പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. മെയ് ഒന്നിന് പുതിയ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാനാകും.

ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഓരോ ട്രിപ്പിനും കമീഷന്‍ നല്‍കേണ്ട. പകരം സബ്സ്‌ക്രിപ്ഷനായിരിക്കും. ദിവസം, മാസം എന്ന രീതിയിലാണിത്. രാത്രി 12 മുതല്‍ പിറ്റേ ദിവസം രാത്രി 12 വരെയാണ് ഒരുദിവസമായി കണക്കാക്കുക. ഊബറിനേക്കാള്‍ നിരക്ക് കുറവായിരിക്കും. എത്ര റൈഡ് പോയാലും ആ തുക മുഴുവനും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.

Signature-ad

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാര്‍ നല്‍കേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലായിരിക്കും. പരാതികള്‍ ആപ്പുവഴി രജിസ്റ്റര്‍ ചെയ്യാം.

സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രീപെയ്ഡ് കൗണ്ടറിലെ വാഹനങ്ങളില്‍ ക്യുആര്‍ കോഡ് പതിക്കും. ഇവ സ്‌കാന്‍ ചെയ്ത് വേണ്ട വിവരങ്ങള്‍ നല്‍കി വേഗത്തില്‍ യാത്രക്കാര്‍ക്ക് പോകാനാകും. ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ കേരള സവാരി ആപ് ഉപയോഗിച്ച് റൈഡ് ബുക്ക് ചെയ്യാനാകും. വൈകാതെ അമ്പലങ്ങളിലെ വഴിപാടുകള്‍ക്കും ആപ്പിലൂടെ പണം നല്‍കാം.

തൊഴില്‍വകുപ്പ്, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐടിഐ) പാലക്കാട്, ഐടിഐയുടെ സാങ്കേതിക പങ്കാളി ‘നമ്മ യാത്രി’ എന്നിവ ചേര്‍ന്നാണ് ആപ് സജ്ജമാക്കിയത്. സബ്സ്‌ക്രിപ്നിലൂടെ ലഭിക്കുന്ന തുകയാണ് നിശ്ചിതതോതില്‍ ഏജന്‍സികള്‍ പങ്കിടുക. പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ടൂറിസംവകുപ്പ് എന്നീ വകുപ്പുകളും പദ്ധതിയുമായി സഹകരിക്കും.

 

Back to top button
error: