സീരിയസ് പ്രശ്‌നങ്ങളില്ല; ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്; ചികിത്സ ഏകദേശം കഴിഞ്ഞു; അടുത്തമാസം അഭിനയിക്കാന്‍ തുടങ്ങും; മമ്മൂട്ടിയുടെ ആരോഗ്യത്തെപ്പറ്റി ബാദുഷ; അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും ഫഹദും കുഞ്ചാക്കോയും അടക്കം വമ്പന്‍ താരനിര

ചെന്നൈ: മമ്മൂട്ടിയുടെ ആരോഗ്യം സംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ മലയാള സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എമ്പുരാന്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. പറയുന്ന പോലെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ മമ്മൂട്ടിക്ക് ഇല്ലെന്നും സാധാരണ ആളുകള്‍ക്ക് വരുന്നതുപോലെയുള്ള പ്രശ്‌നങ്ങളെ ഉള്ളുവെന്നും പറയുകയാണ് നിര്‍മാതാവ് എം.എന്‍.ബാദുഷ. നോമ്പ് കഴിഞ്ഞാല്‍ അദ്ദേഹം ഷൂട്ടിലേക്ക് മടങ്ങുമെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാദുഷ പറഞ്ഞു.
‘ഈ പറയുന്നത്ര സീരിയസ് പ്രശ്‌നങ്ങളൊന്നുമില്ല. സാധാരണ ആള്‍ക്കാര്‍ക്ക് വരുന്നത് പോലെ ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ട്. അതിന്റെ ചികില്‍സയിലാണ്. ഇപ്പോള്‍ എല്ലാം ഏകദേശം കഴിഞ്ഞിരിക്കുകയാണ്. അടുത്ത മാസം തന്നെ മമ്മൂക്ക അഭിനയിക്കാനായി തുടങ്ങും. നോമ്പ് കാരണമാണ് പ്രധാനമായും ഇപ്പോള്‍ അഭിനയിക്കാതിരിക്കുന്നത്. നോമ്പ് കഴിഞ്ഞാല്‍ അടുത്ത മാസം മഹേഷ് നാരായണന്റെ പടത്തില്‍ ജോയിന്‍ ചെയ്യും,’ ബാദുഷ പറഞ്ഞു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള മഹേഷ് നാരായണന്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, ഗ്രേസ് ആന്റണി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
മമ്മൂട്ടി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ബസൂക്കയില്‍ രണ്ട് ലുക്കിലായിരിക്കും മമ്മൂട്ടിയെന്ന് പറഞ്ഞിരുന്നു സിദ്ധാര്‍ഥ് ഭരതന്‍. ബസൂക്കയുടെ കേരള അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടാണ് നിലവില്‍ ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്നത്.
ബസൂക്കയുടെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്‌വുഡ് എക്‌സിലൂടെ നേരത്തെ പുറത്തുവിതും ശ്രദ്ധയാകര്‍ഷിക്കുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായാക്കുമെന്നും സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബസൂക്ക ഏപ്രില്‍ 10നാണ് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തുക.
ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന തന്റെ സ്വപ്‌നത്തിന്റെ സാഫല്യമാണ് ‘ബസൂക്ക’ എന്നാണ് സംവിധായകന്‍ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നല്‍കിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ താന്‍ ത്രില്ലിലാണ്. നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.