എന്‍ജിനീയറിംഗ് കൗതുകമായി പാമ്പന്‍ പാലം ഇന്നു തുറക്കും; കപ്പലുകള്‍ക്കു പോകാന്‍ മുകളിലേക്ക് ഉയരും; 100 വര്‍ഷം ആയുസ്; ഏറെ നാളുകള്‍ക്കുശേഷം രാമേശ്വരത്തേക്ക് ട്രെയിന്‍ പായും; നിര്‍മാണം ഏറെ പ്രതിസന്ധികള്‍ക്ക് ഒടുവില്‍

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ പാലത്തിന്റെ കൗതുകങ്ങളും ചര്‍ച്ചയാകുന്നു. പാലത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ആറിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു പഴയ പാമ്പന്‍ പാലത്തിനു പകരം പുതിയതു നിര്‍മിച്ചത്. ഇതോടെ രാമേശ്വരം ദ്വീപുമായുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടും.

എന്‍ജിനീയറിംഗിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായിട്ടാണു പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും പുറത്തുവന്നു. വെര്‍ട്ടിക്കല്‍ ലിഫ്്റ്റ് മെക്കാനിസം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ചുവട്ടിലൂടെ ഉയരമുള്ള വെസലുകളും കപ്പലുകളും പോകുമ്പോള്‍ പാലം താനെ മുകളിലേക്ക് ഉയരും. ഇന്ത്യയിലെ ഇത്തരത്തില്‍ ആദ്യത്തെ പാലംകൂടിയാണിത്.
പുതിയ പാലം 17 മീറ്റര്‍വരെ മുകളിലേക്ക് ഉയരും. മുമ്പുണ്ടായിരുന്ന പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണു നിര്‍മാണം. കപ്പലുകള്‍ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന സമയത്തു റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ബോട്ടുകള്‍ അടിയില്‍കൂടി പോകുമ്പോഴും അവയുടെ സൗകര്യ പ്രകാരം മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയും.
പുതിയ പാലത്തിന് 2.07 കിലോമീറ്റര്‍ നീളമാണുള്ളത്. തമിഴ്‌നാട്ടിലെ പാള്‍ക്ക് കടലിടുക്കുവരെ നീളും. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണു പാലം. രാമേശ്വരത്തെയും പാമ്പന്‍ ദ്വീപിനെയും ബന്ധിപ്പിക്കും. മണ്ഡത്തിലേക്കും റെയില്‍വേ ലൈന്‍ നീളും.
നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട പാലംകൂടിയാണിത്. കടലിന്റെ മയമില്ലാത്ത ഭാവവും ശക്തമായ കാറ്റും കാലാവസ്ഥയും നിര്‍മാണത്തിനു ബുദ്ധിമുട്ടുണ്ടാക്കി. കൊടുങ്ങാറ്റുകളെയും ഭൂമികുലുക്കത്തെയും അതിജീവിക്കുന്ന വിധത്തിലാണു നിര്‍മാണമെന്നതിനാല്‍ ഏറെ സൂഷ്മതയും പുലര്‍ത്തിയിട്ടുണ്ട്. പാലം മുകളിലേക്ക് ഉയര്‍ത്താന്‍ ഇലക്‌ട്രോ- മെക്കാനിക്കല്‍ കണ്‍ട്രോള്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. പഴയ പാലത്തെ അപേക്ഷിച്ചു കൂടുതല്‍ വേഗത്തിലും ട്രെയിനുകള്‍ക്കു സഞ്ചരിക്കാന്‍ കഴിയും. 80 കിലോമീറ്റര്‍വരെ വേഗത്തില്‍ പരീക്ഷണ ഘട്ടത്തില ട്രെയിനുകള്‍ ഓടി.കുറഞ്ഞതു നൂറുവര്‍ഷത്തേക്കെങ്കിലും പാലം കുലുക്കമില്ലാതെ നില്‍ക്കും. 2019ല്‍ ആണു പദ്ധതിക്ക് അനുമതി ലഭിച്ചത്. 550 കോടിയോളം ചെലവായി.

1914ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍മാരാണു പഴയ പാമ്പന്‍ പാലം നിര്‍മിച്ചത്. 61 മീറ്റര്‍ സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ച പാലം 81 ഡിഗ്രിവരെ ഇരുഭാഗവും മുന്നോട്ട് ഉയര്‍ത്തിയാണ് അടിയിലൂടെ ബോട്ടുകളും മറ്റും കടന്നുപോയത്. സുരക്ഷാ മുന്നറിയിപ്പുകളെ തുടര്‍ന്നു പാലത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.