
ബംഗളൂരു: ‘കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷന്‍സ് കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കൊലപാതകക്കേസില്‍ ഒന്നര വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 17ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയോട് കോടതി നിര്‍ദേശിച്ചു.
2020 ഡിസംബറില്‍, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാല്‍നഗര്‍ സ്വദേശി സുരേഷ് (38) പൊലീസില്‍ പരാതി നല്‍കി. അതേ കാലയളവില്‍ മൈസൂരുവിലെ പെരിയപട്ടണയില്‍ കാവേരി നദിയില്‍നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു. തുടര്‍ന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീര്‍ത്ത കുശാല്‍നഗര്‍ റൂറല്‍ പൊലീസ് ഡിഎന്‍എ പരിശോധനാഫലം വരുന്നതിനു മുന്‍പേ കുറ്റപത്രം തയാറാക്കുകയായിരുന്നു. അതോടെ, സുരേഷിനു ജയില്‍ശിക്ഷ ലഭിച്ചു.

എന്നാല്‍, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണില്‍ പകര്‍ത്തുകയും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി.
മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയില്‍ മൊഴി നല്‍കിയതോടെയാണ്, സുരേഷിനെ വിട്ടയച്ചതും വ്യാജക്കേസ് ചമച്ച പൊലീസിനെ കോടതി വിമര്‍ശിച്ചതും.