Breaking NewsIndiaLead NewsNEWSNewsthen SpecialSocial MediaTRENDING

കുംഭമേള നടക്കുന്ന സ്ഥലത്തിന് വഖഫ് അവകാശം ഉന്നയിച്ചെന്ന് യോഗി ആദിത്യനാഥ്; വഖഫ് ബില്‍ പാസായതിനു പിന്നാലെ പഴയ ആരോപണം ആവര്‍ത്തിച്ചു; പൊളിച്ച് മാധ്യമ പ്രവര്‍ത്തകര്‍; ബോര്‍ഡ് പഴികേട്ടത് അവര്‍ അറിയാത്ത കാര്യത്തിന്‌

ലക്‌നൗ: പതിനാലു മണിക്കൂര്‍ നീണ്ട വാഗ്വാദത്തിനൊടുവില്‍ രാജ്യസഭയിലും വഖഫ് (അമന്റ്‌മെന്റ്) ബില്‍ പാസായതിനു പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണയുമായി എത്തിയിരുന്നു. വഖഫ് ബോര്‍ഡ് മാഫിയയെപ്പോലെയാണു പെരുമാറുന്നതെന്നു ചൂണ്ടിക്കാട്ടിയാണു നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നല്‍കിയത്. ഇതോടൊപ്പം 2025ലെ മഹാ കുംഭമേള നടന്ന സ്ഥലവും തങ്ങളുടേതാണെന്ന ആരോപണവുമായി വഖഫ് ബോര്‍ഡ് എത്തിയിരുന്നെന്നും യോഗി ആദിത്യ നാഥ് അവകാശപ്പെട്ടു.

‘മഹാകുംഭമേളയുടെ തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ വഖഫ് ബോര്‍ഡ് ഇങ്ങനെയൊരു ആവശ്യമുന്നയിച്ചു. പ്രയാഗ്‌രാജിലെ ഭൂമി വഖഫ് ബോര്‍ഡിന്റെയാണെന്നും ബോര്‍ഡ് ഇപ്പോള്‍ മാഫിയയെപ്പോലെയാണു പെരുമാറുന്നതെന്നും’ യോഗി പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍പോലും അവകാശവുമായി എത്തുന്നത് ഒരിക്കലും ക്ഷമയോടെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗിയുടെ പ്രതികരണം ജനുവരി അഞ്ചിനു പുറത്തിറങ്ങിയ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെലിവിഷന്‍ ചാനലുകളും പ്രധാന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. കുംഭമേളയ്ക്കു 45 ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു യോഗിയുടെ ആരോപണം.

Signature-ad

എന്നാല്‍, പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസിന്റെ ലേഖകര്‍ ഇക്കാര്യങ്ങളെല്ലാം തെറ്റാണെന്ന വാദവുമായാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. സീ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയില്‍ ബോര്‍ഡിനു പകരം പ്രാദേശിക മുസ്ലിംകളാണു ഇത് വഖഫിന്റേതാണെന്ന് ആരോപിച്ചത്. ‘മഹാകുംഭമേള നടക്കുന്ന സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്നു പറഞ്ഞു ചില മുസ്ലിംകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇത് മഹാകുംഭമേളയെ വന്‍ വിവാദത്തിലേക്കും നയിച്ചിട്ടുണ്ട്. അഖാഡള്‍ ഉള്ള സ്ഥലങ്ങളും ബോര്‍ഡിന്റേതാണെന്നു ചിലര്‍ ആരോപിച്ചിട്ടുണ്ടെ’ന്നും സീ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഇതിന്റെ തൊട്ടടുത്ത പാരഗ്രാഫില്‍ 54 സ്ഥലങ്ങള്‍ മുസ്ലിംകളുടെ പേരിലാണെന്നും ഇവിടേക്കു മുസ്ലിംകള്‍ക്കു പ്രവേശനം വിലക്കരുതെന്നു മാത്രമാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്ലിം പണ്ഡിതനായ മൗലാന ഷഹാബുദിന്‍ റസ്‌വി ബരേല്‍വിയു’പേരിലാണു പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുള്ളത്.

ബരേല്‍വി സോഷ്യല്‍ മീഡിയയായ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ‘പ്രയാഗ്‌രാജിലെ മുസ്ലിമായ സര്‍താജ്, മേളയ്ക്കുവേണ്ടിയുള്ള സ്ഥലങ്ങളില്‍ പലതും വഖഫ് ബോര്‍ഡിന്റേതും മുസ്ലിംകളുടേതുമാണെന്നു പറയുന്നുണ്ട്. എന്നാല്‍, ഇവിടെ പരിപാടി നടത്തുന്നതില്‍ ഒരു മുസ്ലിം പോലും എതിര്‍ത്തിട്ടില്ല’ എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, ഇദ്ദേഹം സെന്‍ട്രല്‍ വഖഫ് കൗണ്‍സിലുമായോ സ്‌റ്റേറ്റ് വഖഫ് ബോര്‍ഡുമായോ ബന്ധമുള്ള ആളല്ല. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ വഖഫ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണമായി കാണാന്‍ കഴിയില്ല. സര്‍താജ് എന്നയാള്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പിന്നാലെ ഗ്യാന്‍വാപി മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയിലുള്ള അന്‍ജുമാന്‍ ഇന്റസാമിയ മസ്ജിദിന്റെ സെക്രട്ടറിയായ എസ്.എം. യാസീന്‍് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡുമായി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍, അവര്‍ ഇങ്ങനെയൊരു പരാമര്‍ശനം നടത്തിയെന്നതു നിഷേധിച്ചിട്ടുമുണ്ട്. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയും പിന്നാലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നതു വഖഫ് ബോര്‍ഡിന്റെ പേരില്‍ യോഗി ആദിത്യനാഥ് പറഞ്ഞതെല്ലാം കള്ളമാണെന്നാണ്. വഖഫ് കൗണസിലുമായി ഔദ്യോഗിക ബന്ധമുള്ള ആരും അത്തരം ഒരു അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇതുന്നയിച്ച ഇസ്ലാമിക് പണ്ഡിതന് വഖഫ് ബോര്‍ഡുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യം അദ്ദേഹംതന്നെ ഓള്‍ട്ട് ന്യൂസിനോടു വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: