പിളര്‍പ്പിലേക്കോ? വഖഫ് ബില്ലിനു പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പൊട്ടിത്തെറി അവസാനിക്കുന്നില്ല; അഞ്ചാമത്തെ നേതാവും പാര്‍ട്ടി വിട്ടു; നിതീഷിനെ ഇനി ബിജെപിക്ക് ആവശ്യമില്ലെന്ന് പപ്പു യാദവ്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവില്‍നിന്ന് അഞ്ചാമത്തെ നേതാവും രാജിവച്ചു. നിതീഷ് കുമാറിനോടുള്ള ശക്തമായ വിമര്‍ശനവുമായി ആദ്യം ലോക്‌സഭാംഗമായ നേതാവാണു പാര്‍ട്ടി വിട്ടത്. ഏറ്റവുമൊടുവില്‍ നദീം അക്തര്‍ ആണ് രാജി സമര്‍പ്പിച്ചത്.
മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക്, തബ്രൈസ് സിദ്ദിഖി അലിഗ്, ദില്‍ഷന്‍ റയീന്‍ എന്നിവരാണ് നേരത്തേ പാര്‍ട്ടി വിട്ടത്. മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക് എന്നിവര്‍ പാര്‍ട്ടി അംഗത്വത്തിന് പുറമെ പാര്‍ട്ടിയിലെ തങ്ങളുടെ പദവികളില്‍ നിന്നും രാജിവച്ചിരുന്നു.

വഖഫ് ഭേദഗതി ബില്ലിനെതിരേ ജനതാദള്‍(യുണൈറ്റഡ്) പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമുള്ള രാജി എന്നാണ് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ സിദ്ദിഖി പറഞ്ഞിരിക്കുന്നത്.
‘ജെഡിയു എല്ലായ്പ്പോഴും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, വഖഫ് ബില്ലിന് പിന്തുണ നല്‍കിയതിലൂടെ ആ വിശ്വാസത്തിന് കോട്ടം വന്നിരിക്കുകയാണ്. ഈ ബില്ലിനെ പിന്തുണച്ച് ലാലന്‍ സിംഗ് ലോക്സഭയില്‍ നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം നിരാശാജനകമാണ്. ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കുകയും മുഴുവന്‍ മുസ്ലീങ്ങളെയും പാര്‍ശ്വവത്കരിക്കുകയും ചെയ്യാനുള്ള ശ്രമമായി തോന്നുന്നു. ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെ’ന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പുതിയ നീക്കം കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വൈകാതെ തന്നെ ജെഡിയുവില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിതീഷ് കുമാറിന്റെ മാനസികനില ശരിയല്ലെന്നും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ സ്വാധീനമില്ലെന്നും സ്വതന്ത്ര എംപിമാരായ പപ്പു യാദവ് പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 90 ശതമാനം നേതാക്കളും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കെതിരാണ്. ഇവര്‍ക്കെല്ലാം ബിജെപിയുമായിട്ടാണു ബന്ധം. വഖഫ് ബില്ലിലെ വോട്ടിംഗിനുശേഷം ബിജെപിക്കു നിതീഷ് കുമാറിനെ ആവശ്യമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍നിന്നു പാര്‍ട്ടി പിടിവിട്ടുപോയെന്നും പപ്പു പറഞ്ഞു.