ആദ്യ ദൗത്യം വിജയം; വഖഫ് ബില്ലിനു പിന്നാലെ മുനമ്പത്തെ 50 പേരെ പാര്‍ട്ടിയില്‍ എത്തിച്ച് രാജീവ് ചന്ദ്രശേഖര്‍; സമരക്കാര്‍ മോദിയെ നേരില്‍കണ്ടു നന്ദി അറിയിക്കും; ക്രിസ്ത്യാനികളെ അടുപ്പിക്കാന്‍ പ്രഫഷണലുകള്‍ തലപ്പത്തെത്തും; തുടക്കം അനൂപ് ആന്റണിയില്‍; ബിജെപിയുടെ ആവനാഴിയില്‍ തന്ത്രങ്ങളേറെ

മുനമ്പം: പാര്‍ലമെന്റിന്റെ ഇരു സഭകളിലും വഖഫ് നിയമം പാസാക്കിയതിനു പിന്നാലെ മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറില്‍നിന്ന് ക്രിസ്ത്യാനികളടക്കം അമ്പതുപേര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതല്‍ ആളുകള്‍ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിജെപി, ബിഡിജെഎസ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വഖഫ് ബില്‍ പാസാക്കിയതിനു കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നന്ദി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍ സമരസമിതിക്കാരെ അറിയിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിത്. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനു പിന്നില്‍ ക്രിസ്ത്യന്‍ സഭകളിലേക്കുള്ള പാലമിടുകയെന്ന ലക്ഷ്യമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ രംഗത്തു പ്രഫഷണലായവരും തീവ്രനിലപാടുകള്‍ പ്രകടിപ്പിക്കാത്തവരും എത്തിയപ്പോഴൊക്കെ ക്രിസ്ത്യന്‍ വിഭാഗക്കാരുള്‍പ്പെടെയുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിലും സഭയുടെ നിര്‍ണായക സ്വാധീനമുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 15 ശതമാനത്തിലധികം വോട്ടില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കു നിര്‍ണായക സ്വാധീനമുള്ള കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരെ കൂടെനിര്‍ത്തുന്നതു കൂടുതല്‍ ഗുണകരമാകുമെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇതിനു മുമ്പു നടത്തിയ പല പരീക്ഷണങ്ങളും പാളിയിരുന്നു. സ്വതവേ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നവരെ ബിജെപിയുടെ മുന്നണിയില്‍നിന്നു മാറ്റി നിര്‍ത്തുകയും ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയുമാണു പാര്‍ട്ടിയുടെ തന്ത്രം. തൃശൂരില്‍ ജസ്റ്റിന്‍ ജേക്കബിനെയാണു ജില്ല ടൗണ്‍ പ്രസിഡന്റാക്കി നിയമിച്ചതും.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയസാധ്യതയുണ്ടായിട്ടും പരാജയപ്പെട്ട ഇന്ത്യയിലെ 144 മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നേരിട്ടെത്തി പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇതില്‍ കേരളത്തിലെ പരാജയത്തിനു കാരണം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവാണെന്നും കണ്ടെത്തിയിരുന്നു. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലാണ് കേന്ദ്ര സംഘം എത്തിയത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കു ബിജെപിയോടുള്ള അയിത്തം ഇല്ലാതായിട്ടും വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണു ക്രൈസ്തവ വിഭാഗങ്ങള്‍ക്കു പൊതുവേ സ്വീകാര്യനായ നേതാവെന്ന നിലയില്‍ രാജീവ് ചന്ദ്രശേഖറെ ചുമതലപ്പെടുത്തിയത്. മുനമ്പം വിഷയമടക്കം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കിയതില്‍ രാജീവിനു നിര്‍ണായക പങ്കുണ്ട്. സഭാ അധ്യക്ഷന്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ള ഷോണ്‍ ജോര്‍ജിനെയാണ് ഇതിനു ചുമതലപ്പെടുത്തിയത്. ഇതു വിജയം നേടുകയും ചെയ്തു. അടുത്തിടെ പി.സി. ജോര്‍ജ് നടത്തിയ ‘ലൗ ജിഹാദ്’ വിഷയത്തിലും ക്രൈസ്തവ സഭ ജോര്‍ജിനൊപ്പം ഉറച്ചുനിന്നു. പി.സി. ജോര്‍ജിനെ ബിജെപി ദേശീയ നേതൃത്വം ദേശീയ കൗണ്‍സിലിലേക്കു നോമിനേറ്റ് ചെയ്യുകയും ചെയ്തു. ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനമുള്ളവര്‍ കൂടുതലായി ബിജെപി നേതൃത്വത്തിലേക്കു വരുമെന്നാണു കണക്കുകൂട്ടല്‍.
ഇതിന്റെ ഭാഗമായി സംസ്ഥാനകമ്മിറ്റി പുനസംഘടിപ്പിക്കുന്നതിനു മുമ്പായി ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ-സോഷ്യല്‍ മീഡിയ പ്രഭാരിയായി യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെയും നിയമിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് ജനവധിയും തേടിയിരുന്നു. 2011ല്‍ എല്‍.കെ. അദ്വാനി നടത്തിയ ‘ജന്‍ ചേതന്‍ യാത്ര’യില്‍ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്തത് അനൂപിനെ ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കി. നയ രേഖകളുടെ കരട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം പാര്‍ട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ ബിജെവൈഎമ്മിന്റെ പൂനം മഹാജന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപ് ആന്റണിയെയായിരുന്നു.
ബില്‍ പാസായതിനു പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. സുരേഷ് ഗോപിയും ഈ ദിവസങ്ങളില്‍ മുനമ്പത്ത് എത്തിയേക്കും. വഖഫ് ബില്‍ പാസായെങ്കിലും റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്നും സമിതി പ്രഖ്യാപിച്ചു.