Breaking NewsKeralaLead NewsLIFENEWS

ബിജെപിക്കു കീറാമുട്ടിയായി പൂരം വെടിക്കെട്ട് പ്രതിസന്ധി; തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പെസോ; രാജ്യത്തെ നിയമം പൂരത്തിനായി മാറ്റേണ്ടിവരും; സുരേഷ് ഗോപിക്കു മുന്നില്‍ അസാധാരണ സാഹചര്യം

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും ഡല്‍ഹിയിലേക്ക്. പൂരം വെടിക്കെട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി വീണ്ടും ഡല്‍ഹിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവന്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

നേരത്തേ, പൂരം വെടിക്കെട്ട് അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ ഉന്നമിട്ടായിരുന്നു ബിജെപിയുടെ വിമര്‍ശനങ്ങളെല്ലാം. എന്നാല്‍, വെടിക്കെട്ടിന് അനുമതി നല്‍കേണ്ടതു കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പെസോയുടെ ഉദ്യോഗസ്ഥരാണെന്ന ഇടതുപക്ഷത്തിന്റെ നിലപാടു ജനങ്ങള്‍ക്കു ബോധ്യമായതോടെ ബിജെപി പ്രതിസന്ധിയിലായി. കേന്ദ്രസഹമന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്ന പ്രധാന പരിപാടിയായതിനാല്‍ സുരേഷ് ഗോപിക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഈ സാഹചര്യത്തിലാണു ദേവസ്വങ്ങളെ കേന്ദ്രമന്ത്രിമാര്‍ക്കു മുന്നില്‍ നേരിട്ടെത്തിച്ചു സാഹചര്യങ്ങള്‍ അറിയിക്കാന്‍ അവസരമൊരുക്കുന്നത്. ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായ ആഘോഷങ്ങള്‍ക്കു സാങ്കേതികത്വത്തിന്റെ പേരില്‍ തടസമുണ്ടാകുന്നതു വലിയ ക്ഷീണമാകും. പൂരം കലക്കല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അജന്‍ഡയാക്കിയ ബിജെപിക്കു മുന്നില്‍ അടുത്ത തെരഞ്ഞെടുപ്പുകളിലും ഇതു ചോദ്യമായി ഉയരും.

Signature-ad

കേന്ദ്ര സ്‌ഫോടക വസ്തു നിയമപ്രകാരം തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്നതിന് പ്രതിസന്ധികളുണ്ട്. നിയമഭേദഗതി വരുത്തിയാലേ പൂരം വെടിക്കെട്ട് പതിവുരീതിയില്‍ നടത്താനാകൂ. നേരത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെയും നിയമഭേദഗതിക്കോ പ്രതിസന്ധി പരിഹരിക്കാനോ നടപടികളായിട്ടില്ല. ഇതുമൂലം പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാണെന്ന് ദേവസ്വങ്ങള്‍ പറഞ്ഞിരുന്നു.

നിയമഭേദഗതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്നും ദേവസ്വങ്ങള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൂരം വെടിക്കെട്ട് പ്രതിസന്ധി തീര്‍ക്കാന്‍ തൃശൂര്‍ എംപി കൂടിയായ സുരേഷ്‌ഗോപി വീണ്ടും ദേവസ്വം ഭാരവാഹികളേയും കൊണ്ട് ഡല്‍ഹിക്ക് പോകുന്നത്. നേരത്തെയും സുരേഷ്‌ഗോപി തന്നെയാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ദേവസ്വം ഭാരവാഹികള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയിരുന്നത്. പൂരം വെടിക്കെട്ട് പ്രതിസന്ധികളില്ലാതെ നടത്താന്‍ എംപിയായി സ്ഥാനമേറ്റയുടന്‍ സുരേഷ്‌ഗോപി ഡല്‍ഹിയില്‍ നിന്നും പെസോ അധികൃതരെ തൃശൂരിലെത്തിച്ച് വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയിലടക്കം കൊണ്ടുവന്നിരുന്നെങ്കിലും പൂരം അടുത്തതോടെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയായിരുന്നു.

വെടിക്കെട്ടുമായി കാണികളുടെ ദൂരം 200 മീറ്റര്‍ ആക്കണമെന്ന പെസോയുടെ നിര്‍ദേശം എവിടെനിന്നു ലഭിച്ചെന്നതില്‍ ഇനിയും വ്യക്തതയില്ല. പുറ്റിംഗല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ടാണു നിയന്ത്രണം വന്നതെന്നു പറയുന്നുണ്ടെങ്കില്‍ അങ്ങനെയൊരു നിര്‍ദേശം കൊടുത്തിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ തലവനും വ്യക്തമാക്കിയിരുന്നു.

വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന കെട്ടിടമായ മാഗസിനും വെടിക്കെട്ട് നടത്തുന്ന സ്ഥലമായ ഫയര്‍ ലൈനും തമ്മില്‍ 200 മീറ്റര്‍ ദൂരപരിധിവേണമെന്ന എക്‌സ്‌പ്ലോസീവ് നിയമത്തിലെ ഭേദഗതിയാണ് പൂരം വെടിക്കെട്ടിന് തടസമായിരിക്കുന്നത്. ഈ നിബന്ധന പാലിക്കുകയാണെങ്കില്‍ തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് നടത്താനാകില്ല. നിയമഭേദഗതിയിലൂടെ മാത്രമെ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ. മാഗസിന്‍ ഒഴിവാക്കിയിട്ട ശേഷം പൂരപ്പറമ്പിലേക്കു വെടിക്കെട്ടിന് തൊട്ടുമുന്‍പായി വെടിക്കോപ്പുകള്‍ എത്തിക്കുകയെന്ന ആലോചനയുണ്ടെങ്കിലും അത് അപ്രായോഗികമാണെന്നാണ് പൊതുവെയുള്ള വിലയിരത്തല്‍. മേയ് നാലിനാണ് തൃശൂര്‍ പൂരത്തിന്റെ സാന്പിള്‍ വെടിക്കെട്ട്. ആറിനാണ് തൃശൂര്‍ പൂരം. ഏഴിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും ഉച്ചയ്ക്ക് പകല്‍പൂരം വെടിക്കെട്ടും നടത്തണം.

Back to top button
error: