
തിരുവനന്തപുരം: നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണ കോടതിക്കു കൈമാറി. നിലവില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത്തരം കേസുകളുടെ വിചാരണ പരിഗണിക്കുന്നത് ജില്ലാ കോടതികളാണെന്നതു കണക്കിലെടുത്താണ് കേസ് കൈമാറിയത്.
2017 മേയ് 19ന് പുലര്‍ച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടില്‍ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. വീടിനു പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്ളൈയിങ് സ്‌ക്വാഡ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുത്തിരുന്നു. മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെണ്‍കുട്ടി വ്യക്തമാക്കി. സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമി മൊഴി നല്‍കുകയും ചെയ്തു.

പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നു പറഞ്ഞു. ഇതേ തുടര്‍ന്ന് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് പെണ്‍കുട്ടിയും സ്വാമിയുടെ മുന്‍ ശിഷ്യന്‍ കൊല്ലം സ്വദേശി അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി എതിര്‍ത്തതാണ് കേസിന് ഇടയാക്കിയ സംഭവമെന്നു കണ്ടെത്തി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയില്‍ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.