
സ്വന്തം വളര്‍ത്തുനായയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരു മധ്യവയസ്ക്കനും ഭാര്യയും പുള്ളിപ്പുലിയുമായി നേരിട്ട് ഏറ്റുമുട്ടിയ വാർത്ത ആരെയും ആവേശം കൊള്ളിക്കും. മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് ഈ അസാധാരണ സംഭവംനടന്നത്.
ആശിഷ് മഹാജന്‍ എന്ന 55കാരനായ മാനസികാരോഗ്യ വിദഗ്ധനും ഭാര്യയുമാണ് നായയെ രക്ഷിക്കാനായി പുള്ളിപ്പുലിയെ നേരിട്ടത്. അരമണിക്കൂറിലേറെ നീണ്ട മൽപ്പിടുത്തത്തിനൊടുവില്‍ ആശിഷ് മഹാജന്റെ ആക്രമണത്തില്‍ പുള്ളിപ്പുലി കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് അവിശ്വസനീയമായ സംഭവം അരങ്ങേറിയത്.

ചിപ്ലുനിലെ തൊണ്ടാലി വരേലി സ്വദേശിയായ ആശിഷ് മഹാജന്റെ വളര്‍ത്തുനായയെ ആണ് പുള്ളിപ്പുലി ലക്ഷ്യമിട്ടത്. പുലര്‍ച്ചെ നായ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഇദ്ദേഹം വീടിന് പുറത്ത് എത്തിയത്. വളര്‍ത്തുനായയെ കൊല്ലാനൊരുങ്ങുന്ന പുള്ളിപ്പുലിയെ ആണ് വീടിന് പുറത്ത് ആശിഷ് കണ്ടത്. കയ്യിലുണ്ടായിരുന്ന ഫ്‌ലാഷ് ലൈറ്റ് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാന്‍ ശ്രമിച്ച് ഫലം കാണാതെ വന്നപ്പോഴാണ് ഭാര്യ കത്തിയുമായി വന്നത്. ഇതോടെ മറ്റൊന്നും നോക്കാതെ ആശിഷ് പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണ് ആ വന്യമൃഗത്തെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വനംവകുപ്പ് അധികൃതര്‍ സംഭവസ്ഥലം പരിശോധിച്ചു. രണ്ട് വയസ് പ്രായം വരുന്ന പെണ്‍ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടതെന്നും നെഞ്ചിലും കാലിലും കഴുത്തിലും ഏറ്റ ആഴത്തിലുള്ള മുറിവാണ് പുള്ളിപ്പുലിയുടെ ജീവന്‍ നഷ്ടമായതിന് കാരണമെന്നുമാണ് വിലയിരുത്തല്‍.
അതേസമയം, പുള്ളിപ്പുലിയുമായുള്ള മല്‍പ്പിടുത്തത്തില്‍ പരുക്കേറ്റ ആശിഷ് മഹാജന്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. വളര്‍ത്തുനായയുടെ ദയനീയമായ കരച്ചിലാണ് ഇത്തരമൊരു സാഹസത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് ആശിഷ് പറയുന്നു. പൂനെയില്‍ മാനസികാരോഗ്യ വിദഗ്ധനായി ജോലി ചെയ്തിരുന്ന ആശിഷ് മഹാജന്‍ രണ്ട് വര്‍ഷം മുന്‍പ് വിരമിച്ച ശേഷമാണ് രത്‌നഗിരിയിലേക്ക് താമസം മാറിയത്. മൃഗസ്‌നേഹത്തിന്റെയും ധീരതയുടെയും അതിരുകടന്ന ഉദാഹരണമാണ് ഈ സംഭവമെന്ന് സമീപവാസികള്‍ പറയുന്നു.