CrimeNEWS

ആധാര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഡിജിറ്റല്‍ അറസ്റ്റ്; 86 കാരിയെ കബളിപ്പിച്ച് തട്ടിയത് 20.25 കോടി, രണ്ടു പേര്‍ അറസ്റ്റില്‍

മുംബൈ: 86 വയസുകാരി വയോധികയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് 20.25 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. വയോധിക ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ മലാഡ് സ്വദേശിയായ ഷയാന്‍ ജമീല്‍ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്. ഇരുവരും രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണെന്നു കണ്ടെത്തി.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് ഡിജിറ്റല്‍ അറസ്റ്റിലാക്കിയ സംഘം പല തവണകളായി പണം തട്ടുക ആയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ഈ മാസം 3 വരെ ഇത്തരത്തില്‍ പണം കവര്‍ന്നു. കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജമീല്‍ ഷെയ്ഖിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Signature-ad

തട്ടിപ്പുതുകയില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്കു മാറ്റിയതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് ബട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ടെലഗ്രാമില്‍ വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായും പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

Back to top button
error: