CrimeNEWS

‘യുട്യൂബ് നോക്കി സ്വര്‍ണക്കടത്ത് പഠിച്ചു; ആറടി പൊക്കമുള്ളയാള്‍ സ്വര്‍ണം കൈമാറി, അരക്കെട്ടിലും പോക്കറ്റിലും തിരുകി’

ബംഗളൂരു: ആഫ്രിക്കന്‍ അമേരിക്കന്‍ ശൈലിയില്‍ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് സ്വര്‍ണം കൈമാറിയതെന്ന് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കന്നട നടി രന്യ റാവു. ബംഗളൂരുവില്‍ വിമാനത്താവളത്തിന്റെ സര്‍വീസ് റോഡില്‍ തന്നെ കാത്തുനില്‍ക്കുന്ന ഓട്ടോറിക്ഷയിലുള്ളയാള്‍ക്ക് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഈ വ്യക്തിയെ തനിക്ക് മുന്‍പരിചയമില്ലെന്നും നടി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

മാര്‍ച്ച് 1ന് വിദേശത്തുനിന്ന് അജ്ഞാതന്‍ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. രണ്ടാഴ്ചയോളം ഇതു തുടര്‍ന്നു. ഢീകജ നെറ്റ്വര്‍ക്കില്‍ നിന്നാണ് ഫോണ്‍ വന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3ന്റെ ഗേറ്റ് എയില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റാനും, ഇതു ബെംഗളൂരുവില്‍ എത്തിക്കാനുമായിരുന്നു നിര്‍ദേശം. തന്നെ മറ്റേതെങ്കിലും രീതിയില്‍ ഇതു ബാധിക്കുമോയെന്ന് പേടിച്ചതു കൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും രന്യ റാവു പറഞ്ഞു.

Signature-ad

ദുബായ് വിമാനത്താവളത്തിലെ ഗേറ്റ് എയിലെ എക്‌സ്‌പ്രെസോ മെഷീനടുത്ത് വെള്ള ഗൗണ്‍ ധരിച്ച ആറടി ഉയരവും നല്ല ശരീരപ്രകൃതമുള്ള വ്യക്തിയെ കാണാന്‍ ഫോണ്‍ വിളിച്ചയാള്‍ എനിക്ക് നിര്‍ദേശം നല്‍കി. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം, ടാര്‍പോളിന്‍ ഷീറ്റില്‍ പൊതിഞ്ഞ് സ്വര്‍ണം നല്‍കി. നാല് ഫുള്‍ ബാറുകളുടെ മൂന്ന് പായ്ക്കറ്റും, അഞ്ച് കട്ട് പീസുകള്‍ അടങ്ങിയ ഒരു പാക്കറ്റുമാണ് ഇയാളില്‍ നിന്ന് ലഭിച്ചത്. യൂട്യൂബ് നോക്കിയാണ് സ്വര്‍ണക്കടത്തു രീതി പഠിച്ചത്. അരക്കെട്ടിലും പോക്കറ്റിലും തിരുകിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ബംഗളൂരു വിമാനത്താവളത്തിനു സമീപമുള്ള സര്‍വീസ് റോഡിന്റെ അറ്റത്ത് കാത്തുനില്‍ക്കുന്ന ഓട്ടോറിക്ഷയിലേക്കു സ്വര്‍ണവുമായി ചെല്ലാനായിരുന്നു നിര്‍ദേശം. ഓട്ടോയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പറഞ്ഞിരുന്നില്ല. പകരം ചില കോഡുകള്‍ നല്‍കിയിരുന്നു. ഇതിലൂടെ ഓട്ടോ തിരിച്ചറിയാനും സ്വര്‍ണം കൈമാറാനുമാണ് അജ്ഞാതന്‍ നിര്‍ദേശിച്ചതെന്ന് നടി ഡിആര്‍ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: