KeralaNEWS

കോതമംഗലം, കുട്ടനാട് സീറ്റുകളില്‍ കണ്ണുനട്ട് അനൂപ് ജേക്കബ്

തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ കൂടി അധികമായി വേണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നേതാവ് അനൂപ് ജേക്കബ് ഈ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള പിറവം സീറ്റിന് പുറമെ, കോതമംഗലം, കുട്ടനാട്, പത്തനാപുരം എന്നീ സീറ്റുകളില്‍ രണ്ടെണ്ണം അനുവദിക്കണമെന്നാണ് ആവശ്യം.

സീറ്റു വിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് മാത്രമാണ് യുഡിഎഫ് എടുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന് വിജയിക്കാവുന്ന സ്ഥിതിയുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ ആവശ്യം അറിയിക്കുകയായിരുന്നു. കുട്ടനാട്, കോതമംഗലം, പത്തനാപുരം മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകളില്‍ രണ്ടെണ്ണം അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ചതെന്ന് അനൂപ് ജേക്കബ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

Signature-ad

കുട്ടനാട്ടിലെ പുളിങ്കുന്ന് പഞ്ചായത്ത് കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ, യുഡിഎഫ് ഭരണത്തിലാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിക്ക് താഴേത്തട്ടില്‍ സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ യുഡിഎഫ് കുട്ടനാട് സീറ്റ് പാര്‍ട്ടിക്ക് അനുവദിച്ചാല്‍ വിജയം നേടാനാകുമെന്നാണ് കരുതുന്നത് എന്നും അനൂപ് ജേക്കബ് പറഞ്ഞു. മുന്‍കാലങ്ങളില്‍ കേരള കോണ്‍ഗ്രസ് ജേക്കബ്) മൂന്നു സീറ്റുകളില്‍ വരെ മത്സരിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) പിറവം, തരൂര്‍, അങ്കമാലി എന്നീ മൂന്നു മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്നാല്‍ 2016ല്‍ യുഡിഎഫ് രണ്ടു സീറ്റുകളാണ് അനുവദിച്ചത്. പിറവവും തരൂരും. എന്നാല്‍ വിജയസാധ്യതയില്ലെന്ന് കണ്ട് പാര്‍ട്ടി തരൂരില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. ഉടുമ്പന്‍ചോല സീറ്റിനായി ജോണി നെല്ലൂര്‍ പാര്‍ട്ടിക്കുള്ളില്‍ നിര്‍ബന്ധം ചെലുത്തിയതും തരൂര്‍ ഉപേക്ഷിക്കാന്‍ കാരണമായിരുന്നു.

കേരള കോണ്‍ഗ്രസ് ജേക്കബിന് പുറമെ, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തിയതായി യുഡിഎഫ് നേതാവ് സൂചിപ്പിച്ചു. അതേസമയം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യം, യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് എറണാകുളം ഡിസിസിയിലെ ഒരു നേതാവ് പ്രതികരിച്ചു. ഓരോ പാര്‍ട്ടിക്കും കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എടുക്കുക യുഡിഎഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: