
ബംഗളൂരു: വിദേശത്തുനിന്ന് 17 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇത്തവണ കടത്തിയതെന്ന് പിടിയിലായ കന്നഡ നടി രന്യ റാവു. തുടയിലും ദേഹത്തും കെട്ടിവച്ചാണ് ഇതുസാധിച്ചത്. റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യ ചെയ്യലിലാണ് രന്യ ഇക്കാര്യം സമ്മതിച്ചത്. ദുബായ്ക്കു പുറമെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കു നടത്തിയ യാത്രകളുടെ വിവരങ്ങളും നടി പറഞ്ഞതായാണ് വിവരം. ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാലു തവണ ദുബായിലെത്തി.

തിങ്കളാഴ്ച ദുബായ് യാത്ര കഴിഞ്ഞ് രന്യ ഭര്‍ത്താവിന്റെ കൂടെ മടങ്ങിയെത്തിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥരടക്കം എത്തി രന്യയോട് ദേഹപരിശോധന ആവശ്യമെന്ന് അറിയിച്ചു. എന്നാല്‍ താന്‍ ഡിജിപിയുടെ മകളാണെന്നടക്കം ഭീഷണി മുഴക്കി ദേഹപരിശോധനയോട് സഹകരിക്കാന്‍ രന്യ വിസമ്മതിക്കുകയും ബഹളമുണ്ടാക്കി. സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് നടി പരിശോധനയ്ക്ക് തയാറായത്.
തുടയിലും ദേഹത്തും ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ച നിലയില്‍ 14 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് ഡിആര്‍ഐ നല്‍കുന്ന സൂചന. കുടുംബത്തെ അപമാനിച്ച മകളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നുമാണ് രന്യയുടെ പിതാവ് രാമചന്ദ്രറാവുവിന്റെ നിലപാട്.
കര്‍ണാടകയിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ് രന്യ.