KeralaNEWS

കേരളം ചോരപ്പുഴയിൽ മുങ്ങുന്നു: വില്ലൻ എംഡിഎംഎ,  ഈ രാസലഹരി എത്രമാത്രം അപകടകാരി എന്നറിയുക

    നമ്മുടെ കൊച്ചു കേരളത്തിൽ 2 മാസത്തിനിടെ നടന്ന 66 കൊലപാതകങ്ങളിൽ പകുതിയും   ലഹരിമൂലമെന്ന് പൊലീസ് പറയുന്നു. ഇതിൽ പ്രധാന വില്ലൻ എംഡിഎംഎ എന്ന രാസലഹരി തന്നെ.  പാർട്ടികളിലെയും നൈറ്റ് ക്ലബ്ബുകളിലെയും ലഹരിയുടെയും ഉന്മാദത്തിന്റെയും പര്യായമായ  എംഡിഎംഎ ഇന്ന് കേരളത്തിലെങ്ങും  സുലഭമാണ്. ഈ മയക്കുമരുന്നിൻ്റെ ഉപയോഗം മൂലമുള്ള അപകടങ്ങളെക്കുറിച്ചും അതിൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും പലരും ബോധവാന്മാരല്ല. ജർമ്മനിയിൽ വികസിപ്പിച്ചെടുത്ത എംഡിഎംഎ, (മെഥൈലെൻഡിയോക്സിമെഥാംഫെറ്റാമിൻ) ഇന്ന് അനധികൃത ലബോറട്ടറികളിലാണ് പ്രധാനമായും നിർമ്മിക്കപ്പെടുന്നത്.

ഗുളികയായും  പൊടി- ക്രിസ്റ്റൽ രൂപങ്ങളിലും ഇത് ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഡോസിനെക്കുറിച്ചോ അതിൻ്റെ ശക്തിയെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്തതിനാൽ ഉപയോഗം അതീവ അപകടകരമാണ്. ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ ഇതിൻ്റെ ഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങും.

Signature-ad

എംഡിഎംഎ ഉപയോഗം അക്രമാസക്തമായ പെരുമാറ്റത്തിനു കാരണമാകുന്നു. കൊലപാതത്തിലേയ്ക്കും സംഘട്ടനങ്ങളിലേയ്ക്കും ഇത് വഴിവെക്കും. വ്യക്തികളുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്നു മാത്രമല്ല ഒറ്റപ്പെടൽ, സാമൂഹികമായ അകൽച്ച, കുടുംബബന്ധങ്ങളിലെ തകർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. എംഡിഎംഎ ഉപയോഗം സാമ്പത്തിക പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇതു മൂലം ജോലി നഷ്ടപ്പെടാനും സാമ്പത്തിക തകർച്ചക്കും  കാരണമാകും. ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും ഇത്  നയിക്കുന്നു.

എംഡിഎംഎ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഹൃദയാഘാതം, പക്ഷാഘാതം, ശരീരത്തിലെ താപനില വർദ്ധിക്കുക, അമിതമായ ജലാംശം എന്നിവയാണ് പ്രധാനം. ചില സന്ദർഭങ്ങളിൽ, ഇത് മരണത്തിലേക്കും നയിച്ചേക്കാം.

എംഡിഎംഎ ഉപയോഗിക്കുമ്പോൾ ഹൃദയമിടിപ്പും ശ്വസനവും വർദ്ധിക്കുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യും. വിയർപ്പ്, നിർജലീകരണം, ഓക്കാനം, പല്ല് കടിക്കുക, പേശിവേദന, വിശപ്പ് കുറയുക, ലൈംഗികാസക്തി വർദ്ധിക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

അപകടകരമായ പാർശ്വഫലങ്ങൾ

ഉയർന്ന ഡോസുകളിൽ എംഡിഎംഎ ഉപയോഗിച്ചാൽ, അപസ്മാരം, ഛർദ്ദി, ശരീരത്തിലെ താപനിലയും രക്തസമ്മർദ്ദവും വർദ്ധിക്കുക, തലകറക്കം, ആശയക്കുഴപ്പം, ഉത്കണ്ഠ, പേശിവലിവ്, ഹൃദയമിടിപ്പ് കൂടുക എന്നിവ ഉണ്ടാകാം. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറിലാകുക, അമിതമായ ചൂട്, നിർജ്ജലീകരണം, തലച്ചോറിൽ നീർവീക്കം എന്നിവയ്ക്ക് കാരണമാകും.

എംഡിഎംഎയുടെ ഉപയോഗം  കരളിന് തകരാറുണ്ടാക്കും. മാത്രമല്ല തലച്ചോറിൻ്റെ പ്രവർത്തനങ്ങളെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, വിഷാദം എന്നിവയ്ക്ക് കാരണമാകും. സൂചി പങ്കിട്ട് ഉപയോഗിക്കുന്നത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, രക്ത വിഷബാധ എന്നിവയ്ക്ക് കാരണമാകും. ദീർഘകാലം എംഡിഎംഎ ഉപയോഗിക്കുന്നവരിൽ മാനസിക രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നു.

എംഡിഎംഎ ഉപയോഗിക്കുന്നവരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. എംഡിഎംഎ ഉപയോഗം വൃക്കകളുടെ തകരാറിനും വൃക്കസ്തംഭനത്തിനും കാരണമാകുന്നു. മാത്രമല്ല കരൾ വീക്കത്തിനും കരൾ തകരാറിനും കാരണമാകുന്നു.

എംഡിഎംഎ ഉപയോഗം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത് ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. എംഡിഎംഎ ഉപയോഗം ശരീരത്തിൻ്റെ പ്രതിരോധശേഷി കുറയ്ക്കുന്നു. ഇത് വിവിധ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ലൈംഗികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത് ലൈംഗികശേഷിക്കുറവ്, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. എംഡിഎംഎ ഉപയോഗം ഗർഭിണികളിൽ ഗർഭസ്ഥ ശിശുവിന് ജന്മനായുള്ള വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

എംഡിഎംഎ ഒരു നിയമവിരുദ്ധ മയക്കുമരുന്നാണ്. ഇത് കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: