CrimeNEWS

വീണ്ടും ഉയിരെടുത്ത് അവിഹിതം? സംഗീതയ്ക്ക് മറ്റൊരു ബന്ധമെന്ന് ഭര്‍ത്താവിന് സംശയം; മക്കള്‍ പോയശേഷം അരുംകൊല

പാലക്കാട്: കോയമ്പത്തൂരില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പാലക്കാട്ടെ വീട്ടിലെത്തി ഗൃഹനാഥന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണു സൂചന. കോയമ്പത്തൂര്‍ പട്ടണംപുതൂരില്‍ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്നു രാവിലെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ പുലര്‍ച്ചെ കൊലപ്പെടുത്തിയ ശേഷമാണ് പാലക്കാട്ട് മംഗലംഡാമിനു സമീപം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കിയത്.

വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാല്‍ കൃഷ്ണകുമാര്‍ എയര്‍ഗണ്‍ വാങ്ങി സൂക്ഷിച്ചിരുന്നു. പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു തോക്കിന്റെ ലൈസന്‍സ്. ഈ എയര്‍ഗണ്‍ ആണ് സംഗീതയെ കൊലപ്പെടുത്താനും സ്വയം മരിക്കാനും കൃഷ്ണകുമാര്‍ ഉപയോഗിച്ചത്. സംഗീതയും കൃഷ്ണകുമാറും രണ്ടു പെണ്‍മക്കളും കോയമ്പത്തൂരിലെ സുലൂരിലാണു താമസിച്ചിരുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാര്‍ താമസം വണ്ടാഴിയിലേക്കു മാറ്റുകയായിരുന്നു. സംഗീത സുലൂരിലെ സ്വകാര്യ സ്‌കൂളില്‍ ജീവനക്കാരിയാണ്. രണ്ടു പെണ്‍മക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്.

Signature-ad

സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്നു കൃഷ്ണകുമാര്‍ നേരത്തേ ആരോപിച്ചിരുന്നു, ഇതിന്റെ പേരില്‍ കലഹം പതിവായിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാര്‍ വണ്ടാഴിയിലേക്കു താമസം മാറിയത്. ഇന്നു പുലര്‍ച്ചെ 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് കൃഷ്ണകുമാര്‍ വണ്ടാഴിയിലെ വീട്ടില്‍നിന്നു കോയമ്പത്തൂരിലെ സുലൂരിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ 5.30നു വീടിനു സമീപത്തെത്തിയ കൃഷ്ണകുമാര്‍ കുട്ടികള്‍ സ്‌കൂളിലേക്കുപോയശേഷം രാവിലെ ഏഴു മണിയോടെ വീട്ടില്‍ കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് സംഗീതയെ വെടിവയ്ക്കുകയുമായിരുന്നു.

കൊലപാതകത്തിനുശേഷം വണ്ടാഴിയിലെ വീട്ടില്‍ മടങ്ങിയെത്തിയ കൃഷ്ണകുമാര്‍ അസുഖബാധിതനായ പിതാവിന്റെ കണ്‍മുന്നില്‍ വച്ച്, കൊലപാതകത്തിന് ഉപയോഗിച്ച അതേ എയര്‍ഗണ്‍ ഉപയോഗിച്ചു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കോയമ്പത്തൂരിലെ കൊലപാതകം നടന്ന വീട്ടില്‍ സുലൂര്‍ പൊലീസും വണ്ടാഴിയിലെ ആത്മഹത്യ നടന്ന വീട്ടില്‍ മംഗലംഡാം പൊലീസും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയാണ്. കൃഷ്ണകുമാര്‍ സിംഗപ്പൂരിലെ ജോലി ഉപേക്ഷിച്ചശേഷമാണ് നാട്ടിലെത്തിയത്. കുടുംബ കലഹം പതിവായതോടെ കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ സംഗീതയുമായി സംസാരിക്കാനിരിക്കെയാണ് അരുംകൊലയും ആത്മഹത്യയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: