
തൃശൂര്‍: വേളക്കോട് എണ്ണക്കമ്പനിക്ക് തീപിടിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. തീയിട്ടത് കമ്പനി ജീവനക്കാരന്‍ തന്നെയാണെന്നാണ് കണ്ടെത്തല്‍. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് തീയിട്ടതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. പ്രതി ടിറ്റോ തോമസ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂത്തോള്‍ സ്വദേശി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള വേളക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സ് എന്ന എണ്ണക്കമ്പനിയില്‍ തീപിടിത്തമുണ്ടായത്. കുന്നംകുത്തുനിന്നും തൃശൂരില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന സംഘവും ഗുരുവായൂരില്‍ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്.

തീപിടിത്തമുണ്ടായതിന് പിന്നാലെ സ്ഥാപനമുടമയ്ക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പ്രതി തന്നെയാണ് വിവരം അറിയിച്ചത്. താന്‍ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കില്‍ പോയി തീ അണച്ചോളൂ എന്നുമാണ് അറിയിച്ചത്. ശേഷം പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.
എണ്ണക്കമ്പനിയിലെ ഡ്രൈവറായിരുന്നു ടിറ്റോ തോമസ്. ഒന്നരമാസം മുന്‍പ് കമ്പനിയില്‍വച്ച് സ്റ്റീഫന്‍ ടിറ്റോയോട് ഓയില്‍ ക്യാനുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ടിറ്റോ തന്റെ പണി അതല്ലെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ഉടമ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. എന്നാല്‍, ടിറ്റോയുടെ ജീവിത സാഹചര്യം മനസിലാക്കിയ സ്റ്റീഫന്‍ മാര്‍ച്ച് ഒന്നുമുതല്‍ തിരികെ ജോലിക്ക് കയറാന്‍ നിര്‍ദേശിച്ചു. ഇതിനിടെയാണ് ഇയാള്‍ കമ്പനിക്ക് തീയിട്ടത്. ഒരുകോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.