IndiaNEWS

സസ്പെൻസ് അവസാനിച്ചു: രേഖഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

   ന്യൂഡൽഹി: 11 ദിവസത്തെ സസ്പെൻസിനൊടുവിൽ ഡൽഹി  മുഖ്യമന്ത്രിയായി ബിജെപി നേതാവ് രേഖ ഗുപ്തയെ തെരഞ്ഞെടുത്തു.  ദില്ലിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് ഇന്ന് (വ്യാഴം) രാവിലെ 11മണിക്കു രേഖ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും സത്യപ്രതിജ്ഞ ചെയ്യും.

ഇന്നലെ ബിജെപി നിയമസഭാ പാർട്ടി യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്നാണ് രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയേയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തിയാണ് വിജയിച്ചത്. 29,595 വോട്ടുകളുടെ ഭൂരിപക്ഷം നേടി അവർ ആദ്യമായി നിയമസഭയിലെത്തി. പർവേഷ് വർമ്മ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മറികടന്നാണ് ബിജെപി നേതൃത്വം രേഖയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇത് പാർട്ടിയുടെ ഭാവി നീക്കങ്ങളെ സൂചിപ്പിക്കുന്നതായി വിലയിരുത്തലുണ്ട്.

Signature-ad

ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി എന്ന റേക്കോർഡ്  രേഖ സ്വന്തമാക്കി. മുൻമുഖ്യമന്ത്രിമാരായ ഷീല ദീക്ഷിത്, സുഷമ സ്വരാജ്, അതിഷി എന്നിവരോടൊപ്പം അവർ ഈ സ്ഥാനത്തേക്ക് എത്തുന്ന നാലാമത്തെ വനിതയാണ്. രേഖ ആദ്യമായാണ്  എംഎൽഎ ആയതെങ്കിലും രാഷ്ട്രീയത്തിൽ അവർക്ക് മികച്ച പരിചയമുണ്ട്.  ‘കാം ഹീ പെഹ്ചാൻ’ (എന്റെ ജോലിയാണ് എന്റെ തിരിച്ചറിയൽ) എന്ന സന്ദേശവുമായി പ്രചാരണരംഗത്തിറങ്ങിയ അവർ 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ  നിർണായക പങ്കുവഹിച്ചു.

1998ൽ സുഷമ സ്വരാജ് 52 ദിവസമാണ് ഡൽഹിയിൽ അധികാരത്തിൽ ഇരുന്നത്. പിന്നീട് പാർലമെന്റിലും രാജ്യമൊട്ടാകെയും മികച്ച പ്രകടനം ബിജെപി കാഴ്ച വച്ചെങ്കിലും രാജ്യ തലസ്ഥാനത്തെ ഭരണം ഒരു സ്വപ്നം മാത്രമായി ബിജെപിക്ക് അവശേഷിച്ചു. ഇപ്പോൾ ബിജെപി രേഖ ഗുപ്തയിലൂടെ മറ്റൊരു വനിതയെ തന്നെ തലസ്ഥാനത്തിന്റെ നായക പദവിയിലേക്ക് എത്തിച്ചിരിക്കുന്നു. നിലവിൽ ബിജെപിക്ക് രാജ്യത്തുള്ള ഏക വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത.

1974 ൽ ഹരിയാനയിലെ ജുലാനയ്ക്കു സമീപം നന്ദ്ഗഡ് ഗ്രാമത്തിലാണ് രേഖയുടെ ജനനം. പിതാവ് എസ്ബിഐയിൽ ഓഫിസറായിരുന്നു. 1976 ൽ രേഖയ്ക്ക് രണ്ട് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറി. ഡൽഹിയിൽ തന്നെയായിരുന്നു രേഖയുടെ വിദ്യാഭ്യാസം. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ പഠിക്കവെ എബിവിപിയിലൂടെയാണ് രേഖ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1996-97 ൽ, ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡിയുഎസ്‌യു) പ്രസിഡന്റായി. 2007ൽ, നോർത്ത് പിതംപുരയിൽനിന്ന് കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് നടക്കുന്ന ഗുപ്ത സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരെത്തും.
ചടങ്ങിന് മുമ്പായി, ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേനയെ കാണാനായി രേഖ ഗുപ്ത രാജ് നിവാസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: