
കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിലെ നിധി കണ്ടെടുക്കാൻ പോയ കേസിൽ ഉൾപ്പെട്ട മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ മുജീബ് കമ്പാറിനോട് വിശദീകരണം തേടാനും മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളിൽ നിന്നും ഒഴിവാക്കാനും തീരുമാനിച്ചതായി മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.
മുജീബിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നേരത്തെ മുസ്ലീം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റിയും കാസർകോട് മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിക്ക് ശിപാർശ നൽകിയിരുന്നു. ഒരാഴ്ച മുമ്പാണ് പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ അഞ്ചംഗ സംഘം നിധി കുഴിച്ചെടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് പ്രദേശവാസികളെത്തി പൊലീസിൽ വിവരം അറിയിച്ചതോടെ മുജീബ് കമ്പാർ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുരാവസ്തു വകുപ്പിന്റെ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബിജെപി, സിപിഎം, കോൺഗ്രസ് തുടങ്ങാം കക്ഷികളെല്ലാം തന്നെ മുജീബ് കമ്പാറിനെ പഞ്ചായത് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത് ഓഫീസിലേക്ക് പ്രധാന കക്ഷികളെല്ലാം മാർച്ചും നടത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മുജീബ് കമ്പാറിനെ പാർടിയിലെയും പോഷക സംഘടനകളിലെയും പദവികളിൽ നിന്ന് നീക്കി മുസ്ലീം ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്.