
കാസര്‍കോട്: ഒളിച്ചുകളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ ടാര്‍ വീപ്പയിലേക്ക് ഇറങ്ങി കുടുങ്ങിയ നാലരവയസുകാരിയെ രക്ഷിച്ചു. മുട്ടിന് മുകളില്‍ വരെ ടാറില്‍ മുങ്ങി പുറത്തിറങ്ങാനാവാത്തവിധം കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേനയെത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചട്ടഞ്ചാല്‍ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. അതിനിടയില്‍ വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു.

വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമ നെഞ്ചോളം ടാറില്‍ മുങ്ങി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉടന്‍ വീട്ടിലെത്തി ഉമ്മയെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളും പൊലീസും എത്തിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. വെയിലേറ്റ് ടാര്‍ ഉരുകിയ നിലയിലായിരുന്നു. ഈ സമയത്താണ് ഫാത്തിമ വീപ്പയില്‍ ഇറങ്ങിയത്. പിന്നീട് ടാര്‍ തണുത്ത് കട്ടിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
30 ലിറ്റര്‍ ഡീസല്‍ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവര്‍ത്തിച്ച ശേഷം ടാര്‍ ദ്രാവക രൂപത്തിലാക്കിയാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്തശേഷം ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് ടാര്‍ നീക്കിയത്. തുടര്‍ന്ന് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലെത്തിച്ചു.