
തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസ്സുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ തൊഴില്‍ തട്ടിപ്പ് ആരോപണങ്ങളും. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരില്‍ നിന്നും പണം വാങ്ങിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താന്‍ ഉയര്‍ന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കുമെന്നും വാഗ്ദാനം നല്‍കി ശ്രീതു പണം തട്ടിയതായി മൂന്നുപേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു.

പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങള്‍ ഉള്‍പ്പെടെ ഇവരുടെ കെണിയില്‍പെട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നല്‍കാനായി ജ്യോത്സ്യന്‍ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നല്‍കി.
ആറേഴു മാസം മുന്‍പ് അവസാനമായി കാണുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭര്‍ത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നല്‍കി. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസന്‍ മൊഴി നല്‍കി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തും.