CrimeNEWS

സൗന്ദര്യമില്ല, സ്ത്രീധനം പോരാ! എളങ്കൂരില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം

മലപ്പുറം: എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ(25) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് പ്രബിന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു.

‘തന്റെ ജോലി കണ്ടിരിക്കേണ്ട, നിന്റെ ആവശ്യത്തിന് ജോലി കണ്ടുപിടിക്കണ’മെന്ന് ഭര്‍ത്താവ് വിഷ്ണുജയോട് രൂക്ഷമായി പറഞ്ഞിരുന്നു. പ്രബിന്റെ ഈ നിലപാട് കാരണം ഒരു ജോലിക്ക് വേണ്ടി വിഷ്ണുജ കഠിനപരിശ്രമം നടത്തിയിരുന്നു. തടിയില്ല, സൗന്ദര്യമില്ല എന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വണ്ടിയില്‍ പോലും വിഷ്ണുജയെ കയറ്റാറുണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തെ മകളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നുവെന്ന്- വിഷ്ണുജയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

Signature-ad

മഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സൗന്ദര്യമില്ല, ജോലിയില്ല, സ്ത്രീധനം കുറവ് എന്നീ കാരണങ്ങള്‍ കാണിച്ച് ഭര്‍ത്താവ് പ്രബിന്‍ വിഷ്ണുജയെ മാനസികമായി ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതെങ്കിലും ഭാവിയില്‍ തെളിവ് കിട്ടുന്നതിനെ അനുസരിച്ച് ആത്മഹത്യാ പ്രേരണ കുറ്റത്തിന് അടക്കം വകുപ്പുകള്‍ ചേര്‍ത്തി കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

2023 ലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രബിനും വിവാഹിതരായത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്സാണ് പ്രബിന്‍. ഭര്‍ത്താവിന്റെ വീട്ടുകാരും പ്രബിന്റെ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് വിഷ്ണുജയുടെ വീട്ടുകാര്‍ പറയുന്നു.

 

Back to top button
error: