KeralaNEWS

ഡയപ്പറും സാനിറ്ററി നാപ്കിനുകളും കളയുന്നത് ഇനി തലവേദനയല്ല; വരാന്‍ പോകുന്നത് വമ്പന്‍ മാറ്റം!

പത്തനംതിട്ട: റോഡിലും തോട്ടുവക്കിലും ഇനി ഡയപ്പറും സാനിറ്ററി നാപ്കിനുകളും തള്ളേണ്ട. വീടുകളിലേത് ശേഖരിച്ച് സംസ്‌കരിക്കാന്‍ ഇലന്തൂരില്‍ പ്‌ളാന്റ് വരുന്നു. ജില്ലയില്‍ ആദ്യമായാണ് തദ്ദേശ സ്ഥാപനം ഡയപ്പര്‍, സാനിട്ടറി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ശുചിത്വമിഷന്റെ സഹായത്തോടെ പ്‌ളാന്റ് സ്ഥാപിക്കുന്നത്.

ജില്ലാ പഞ്ചായത്ത്, ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത്, എഴ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് പ്‌ളാന്റ് നിര്‍മ്മാണത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രവര്‍ത്തന ചുമതല ബ്ലോക്ക് പഞ്ചായത്തിനായിരിക്കും. മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മ്മസേന ഇപ്പോള്‍ വാങ്ങുന്ന രീതിയിലുള്ള യൂസര്‍ ഫീ ഈടാക്കാന്‍ ആലോചിക്കുന്നുണ്ട്. ഡയപ്പര്‍, സാനിട്ടറി പാഡുകള്‍ വേര്‍തിരിച്ച് വീടുകളില്‍ സൂക്ഷിക്കണം.

Signature-ad

ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിന് പിന്നിലെ ഒരേക്കറോളം സ്ഥലമാണ് പ്‌ളാന്റിനായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ, സാമൂഹിക വനവല്‍ക്കരണത്തിനായി വനം വകുപ്പിന് വിട്ടുനല്‍കിയതാണ് സ്ഥലം. പ്‌ളാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭാഗത്തെ പതിനെട്ട് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് മുഖേന വനംവകുപ്പിന് കത്തുനല്‍കും.

മാലിന്യം സംസ്‌കരിക്കുമ്പോഴുള്ള പുക മലിനീകരണം തടയുന്നതിന് പ്‌ളാന്റില്‍ സംവിധാനമുണ്ടാകുമെന്ന് ബ്‌ളോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കറുത്ത പുക ശുദ്ധീകരിച്ച് വെളുത്തതാക്കി പൊക്കമുള്ള കുഴലുകളിലൂടെ പുറത്തേക്കുവിടും.പ്‌ളാന്റ് നിര്‍മ്മാണത്തിന്റെ ചെലവ് ബ്‌ളോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ കൂടി വഹിക്കണം. പല പഞ്ചായത്തുകളും സാമ്പത്തിക ഞെരുക്കത്തിലാണ്.

ഡയപ്പര്‍, സാനിട്ടറി പ്‌ളാന്റ് നിര്‍മ്മാണത്തിനെതിരെ പരിസരവാസികളായ നൂറ് പേര്‍ ശുചിത്വമിഷന് പരാതി നല്‍കി. പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ വായു മലിനീകരണമുണ്ടാകുമെന്നും മണ്ണും തോടുകളും മലിനമാകുമെന്നുമാണ് പരാതി.ജനവാസ മേഖലയില്‍ നിന്ന് പ്ലാന്റ് മാറ്റണമെന്നാണ് ആവശ്യം. പല സ്ഥലങ്ങളിലും ഇന്‍സിനേറ്റര്‍ സ്ഥാപിച്ചതില്‍ നിന്ന് കറുത്ത പുകയും രൂക്ഷഗന്ധവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: