NEWSWorld

സ്വപ്നം യാഥാർത്ഥ്യമാകുന്നു: ദുബൈ- അബുദബി ഇനി വെറും 30 മിനിറ്റിൽ! ഇത്തിഹാദ് റെയിൽ ഉടൻ വരും 

   ദുബൈയിൽ നിന്ന് അബുദബിയിൽ എത്താൻ ഇനി കേവലം അരമണിർ മാത്രം. മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഹൈസ്പീഡ് റെയിൽ പദ്ധതി യഥാർത്ഥ്യമാകുന്നതോടെ വെറും 30 മിനിറ്റായിരിക്കും രണ്ട് എമിറേറ്റുകൾക്കിടയിലെ യാത്രാ സമയം.

ചുരുക്കത്തിൽ ദുബൈയിൽ താമസിച്ച് അബുദബിയിൽ പോയി ജോലി ചെയ്തു വരാമെന്നു സാരം. ഈ രണ്ട് എമിറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്ന ആളുകൾ നിലവിൽ  പല വെല്ലുവിളികളും നേരിടുന്നുണ്ട്. ലഭ്യമായ ഓപ്ഷനുകൾ ചെലവേറിയതും പരിസ്ഥിതി സൗഹൃദപരമല്ലാത്തതും വളരെ സമയമെടുക്കുന്നതുമാണ്. നഗരങ്ങൾക്കിടയിലുള്ള സ്വതന്ത്രമായ സഞ്ചാരം ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ യാത്രകൾ സുഗമമാക്കും.

Signature-ad

ഇത്തിഹാദ് റെയിൽ യുഎഇയിലെ ആദ്യത്തെ അതിവേഗ, പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിനാണ്. മണിക്കൂറില്‍ 350 കിലോമീറ്റർ വേഗതയിലാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിനോടുക. ഈ എമിറേറ്റുകള്‍ക്കിടയില്‍ 6 സ്റ്റേഷനുകളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുളളത്. റീം ഐലൻഡ് സാദിയാത്ത്, യാസ് ഐലൻഡ്, സായിദ് രാജ്യാന്തര വിമാനത്താവളം, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, അല്‍ ജദഫ്. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായ ഫുജൈറയിലെ സകാംകം, ഷാർജ യൂണിവേഴ്സിറ്റി സിറ്റി എന്നീ രണ്ട് സ്റ്റേഷനുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ല. ഈ ഇലക്ട്രിക് ഇത്തിഹാദ് റെയിൽ സർവീസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ ട്രെയിനുകളിൽ ഒന്നായിരിക്കും. ശരാശരി 320 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന ഫ്രാൻസിലെ ഐക്കണിക് ഹൈ-സ്പീഡ് ടിജിവിയേക്കാൾ വേഗതയുള്ളതായിരിക്കും ഇത്.

യുഎഇയെ മാത്രമല്ല, ഒമാന്‍ ഉള്‍പ്പടെയുളള ജിസിസി രാജ്യങ്ങളെ കൂടി യോജിപ്പിച്ചാണ് റെയില്‍ ശൃംഖല ഒരുങ്ങുന്നത് എന്നതും പ്രധാനമാണ്. അബുദാബിയെ ഒമാനിലെ സോഹാർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഹഫീത് റെയിലിന്റെ നിർമാണവും പുരോഗമിക്കുകയാണ്.

Back to top button
error: