നെയ്യാറ്റിൻകരയിലെ വിവാദ സമാധി തുറന്നു. കല്ലറയ്‌ക്കുള്ളിൽ ഇരിക്കുന്ന നിലയിൽ ഗോപൻ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. സമാധി മണ്ഡപം മറച്ചാണ് പൊലീസ്, നടപടികൾ തുടങ്ങിയത്. മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രതിഷേധം കണക്കിലെടുത്ത് 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഫോറൻസിക് സംഘവും എത്തി. മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റിയിരുന്നു.
കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്‌മോര്‍ട്ടവും നടക്കും.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യ ശരീരസാന്നിധ്യം കണ്ടെത്തിക്കൂടേ എന്നുമായിരുന്നു മകന്റെ മറുചോദ്യം. കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറയുന്നു.
ദുരൂഹത നിറഞ്ഞ ‘സമാധി’
ഗോപൻസ്വാമി എന്നറിയപ്പെടുന്ന മണിയൻ (69) പത്മപീഠത്തിലിരുന്ന് കോൺക്രീറ്റ് അറയിൽ സമാധിയടഞ്ഞെന്നാണ് മക്കൾ പൊലീസിന് നൽകിയ മൊഴി. പിതാവ് സമാധിയാകുന്ന വിവരം 3 ദിവസം മുമ്പ് അമ്മയോട് പറഞ്ഞെങ്കിലും അത് തമാശയാണെന്നാണ് കരുതിയതെന്നും, മരിക്കുന്ന ദിവസം രാവിലെ അനുജനോട് അന്നു സമാധിയാകുമെന്ന് പറഞ്ഞിരുന്നതായും മകൻ സനന്ദൻ പറയുന്നു. ഋഷിപീഠത്തിലിരുന്നാണ് സമാധിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പാതിരാത്രിയിൽ അയൽക്കാരെപ്പോലും അറിയിക്കാതെ നടത്തിയ ഈ ‘സമാധി’യിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിയമപോരാട്ടവും ഹൈക്കോടതി വിധിയും
ഗോപൻസ്വാമിയുടെ മരണം സംബന്ധിച്ച് ദുരൂഹതകൾ ഉയർന്നതോടെ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചെങ്കിലും, ഗോപൻസ്വാമിയുടെ കുടുംബം ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, മരണസർട്ടിഫിക്കറ്റ് ഹാജരാക്കാത്ത പക്ഷം ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള അനുമതിയും ഹൈക്കോടതി നൽകി.
നാട്ടുകാരുടെ സംശയങ്ങളും ആശങ്കകളും
ഗോപൻസ്വാമിയുടെ മരണത്തിൽ നിരവധി സംശയങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പാതിരാത്രിയിൽ ആരെയും അറിയിക്കാതെ നടത്തിയ ‘സമാധി’യും, മരണത്തെക്കുറിച്ചുള്ള അവ്യക്തതയും അവർ ഉയർത്തിക്കാട്ടുന്നു. ‘സമാധിക്ക്’ മുമ്പ് പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിച്ചിരുന്നുവെന്ന് ഗോപൻസ്വാമിയുടെ മക്കൾ പറയുന്നു. ഇങ്ങനെയുള്ള ഒരാൾ എങ്ങനെ ഒറ്റയ്ക്ക് കല്ലറയിൽ പോയി സമാധിയടഞ്ഞു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.
ഇനി എന്ത് സംഭവിക്കും?
കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മരണകാരണം വ്യക്തമാവുകയും ദുരൂഹതകൾ നീങ്ങുകയും ചെയ്യും. സമയം കഴിയുംതോറും തെളിവുകൾ നശിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് എത്രയും പെട്ടെന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടത്.
ഗോപൻസ്വാമിയുടെ മരണവുമായി ബന്ധപെട്ടുണ്ടായ എല്ലാ ദുരൂഹതകളും നീങ്ങുന്നതിനായി പൊലീസിന്റെ അന്വേഷണത്തെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെയും ഉറ്റുനോക്കുകയാണ് കേരളം.