KeralaNEWS

കാരണഭൂതന് ശേഷം ചെമ്പടയ്ക്ക് കാവലാള്‍; അടുത്ത പിണറായി വാഴ്ത്തുപാട്ട് റെഡി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംഘഗാനം. ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ എന്നയാളാണ് പാട്ടെഴുതിയത്. പാട്ടില്‍ ഫിനിക്‌സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പുകഴ്ത്തി മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു.

‘കാവലാള്‍’ എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്. ‘ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്.

Signature-ad

പാടവും പറമ്പും കേരമൊക്കെയും പടക്കളം

ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍

പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ

തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ…

കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ

കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ

ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും

കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍

ജീവനുള്ള നാള്‍ വരെ സുരക്ഷിതത്വമേകിടാന്‍

പദ്ധതികളൊക്കെയും ജനതതിക്കു നല്‍കിയോന്‍’… എന്നിങ്ങനെ പോകുന്നു വരികള്‍.

നേരത്തെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും പാര്‍ട്ടിയേയും സ്തുതിച്ചുകൊണ്ടുള്ള വരികള്‍ക്കൊപ്പമായിരുന്നു തിരുവാതിര. ”പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി, മാലോകരെല്ലാരും വാഴ്ത്തിപ്പാടി. ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങള്‍. ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്” എന്നായിരുന്നു തിരുവാതിരയിലെ വരികള്‍. കുത്തേറ്റുമരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്രയും സംസ്‌കാരവും നടക്കുന്ന ദിവസം തന്നെ തിരുവാതിര നടത്തിയത് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: